അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു

0

അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം.ബി. സ്‌നേഹലത, വയനാട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജോൺസൺ ജോൺ, തൃശ്ശൂർ പ്രിൻസിപ്പൽ ജില്ല ജഡ്ജി ജി. ഗിരീഷ്, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സി. പ്രദീപ്കുമാർ, ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ എന്നിവരെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന കൊളീജിയം ശുപാർശ ചെയ്തത്.

ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനമാവും. ജസ്റ്റിസ് എസ്. മണികുമാർ ചീഫ് ജസ്റ്റിസായിരുന്നപ്പോൾ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തവരാണ് അഞ്ച് പേരുകളും. നിലവിൽ സുപ്രീംകോടതി ജഡ്ജിയായ എസ്.വി.എൻ. ഭട്ടി, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരായിരുന്നു ഹൈക്കോടതി കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.

അഭിപ്രായഭിന്നത ഉണ്ടായതിനെത്തുടർന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പ്രത്യേക ലിസ്റ്റായിരുന്നു സുപ്രീംകോടതിയിലേക്കു നൽകിയത്. രണ്ടു ലിസ്റ്റിലും ഉൾപ്പെട്ടവരെയാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് വിവരം.

ചില മുതിർന്ന ജുഡീഷ്യൽ ഓഫീസർമാരുടെ പേര് ശുപാർശ ചെയ്യപ്പെട്ടില്ലെന്നും എന്നാൽ, അതിന് വ്യക്തമായ കാരണം ഹൈക്കോടതി കൊളീജിയം രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി കൊളീജിയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here