കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽനിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടി പരാതിയിൽ കേസെടുത്ത പൊലീസ് തുടർ നടപടികൾ തുടങ്ങി. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ നെടുമ്പാശ്ശേരി പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
പൊലീസ് അന്വേഷണം ആരംഭിച്ചെന്നും മോശമായി പെരുമാറിയ യാത്രക്കാരനെ കണ്ടെത്തുന്നത് അടക്കമുള്ള നടപടികൾക്കായി കാത്തിരിക്കുകയാണെന്നും നടി വ്യക്തമാക്കി. അതേസമയം എയർ ഇന്ത്യ വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. നടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു നിലവിൽ കേസ് എടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. ആരോപണ വിധേയനായ സഹയാത്രികനോട് സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെപ്പറ്റി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോടു പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് നടി പൊലീസിൽ പരാതി നൽകിയതും ഇക്കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും. മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്നു മോശമായി പെരുമാറിയെന്നാണ് ആരോപണം.
മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. ഇക്കാര്യത്തിൽ നെടുമ്പാശ്ശേരി പൊലീസിൽ നടി ഓൺ ലൈനായാണ് പരാതി നൽകിയത്. പൊലീസ് എയർ ഇന്ത്യയുടെ കൊച്ചി ഓഫീസിൽ അന്വേഷിച്ചെങ്കിലും പരാതിയെപ്പറ്റി ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. പറന്നുയരുന്ന വിമാനത്തിനുള്ളിൽ വച്ച് എന്തെങ്കിലും അതിക്രമം ഉണ്ടായാൽ വിവരം എയർ ഹോസ്റ്റസിനെ അറിയിക്കുകയും എയർ ഹോസ്റ്റസ് പൈലറ്റിനെ ധരിപ്പിക്കുകയും ചെയ്യും. പൈലറ്റ് ഈ വിവരം എയർ ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസർക്ക് കൈമാറും. പിന്നീട് പൊലീസിൽ പരാതി നൽകും. ഇതാണ് രീതി.
എന്നാൽ ഇങ്ങനെ ഒരു പരാതി എയർ ഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ചിട്ടില്ലാ എന്നാണ് നെടുമ്പാശ്ശേരി പൊലീസിന് ലഭിച്ച വിവരം. തുടർന്ന് നടിയെ ബന്ധപ്പെട്ട ശേഷം മൊഴിയെടുക്കുകയാണ് ഉണ്ടായത്. മുംബൈ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്