കൊച്ചി: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റുന്നത് തടഞ്ഞ് ഹൈക്കോടതി. ഇവരെ തിരഞ്ഞെടുപ്പ് നിരീക്ഷകയായി നിയമിക്കാനായിരുന്നു തീരുമാനം. മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു കോടതി സ്വീകരിക്കുന്ന നടപടികൾ പുരോഗമിക്കവെ, കലക്ടറെ കോടതി ഉത്തരവില്ലാതെ ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി.
തിരഞ്ഞെടുപ്പ് ജോലിക്കായി ഇടുക്കി കലക്ടറെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം പുനഃപരിശോധിക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഹർജികൾ വീണ്ടും പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, പരിഗണനയിലുള്ള വിഷയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷനെ കേസിൽ കക്ഷിയാക്കി. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.