ആറന്മുളയിലെ ഇരുപത്തിമൂന്നുകാരന്റെ മുങ്ങിമരണം; ദുരൂഹതയെന്ന് കുടുംബം

0

പത്തനംതിട്ട; ആറന്മുളയിലെ ഇരുപത്തിമൂന്നുകാരനായ സംഗീത് സജിയുടേത് മുങ്ങി മരണമല്ലെന്നും ആരോ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചതെന്നും സംഗീതിന്റെ കുടുംബം ആരോപിച്ചു. സുഹൃത്തിനൊപ്പമാണ് മകൻ വീട്ടിൽ നിന്നും പോയത്. മൃതദേഹം കിട്ടുമ്പോൾ കൈകാലുകൾക്ക് ഒടിവ് ഉണ്ടായിരുന്നതായും യുവാവിന്റെ അമ്മ പറഞ്ഞു.

 

വെള്ളത്തിൽ തലയടിച്ച് വീണതിന്റെ പരിക്കുകളല്ല സംഗീത് സജിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. മുഖത്തും നെറ്റിയിലും നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ഇതെല്ലാമാണ് മരണത്തിന്റെ ദുരൂഹത കൂട്ടുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ ഏർപ്പെടുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 

ഒക്ടോബർ ഒന്നിനാണ് സംഗീത് സുഹൃത്തിനൊപ്പം പോയത്. തുടർന്ന് യുവാവിനെ കാണാതാവുകയായിരുന്നു. 17 ദിവസത്തിന് ശേഷം കിലോമീറ്ററുകൾ മാറി ആറന്മുള സത്രക്കടവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഗീതിനെ വിളിച്ച് കൊണ്ടുപോയ പ്രദീപിനെ പോലീസ് ഇതുവരെ വിശദമായി ചോദ്യം ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

 

തനിക്കൊപ്പം വന്ന സംഗീതിനെ ഇടത്തറ ജംഗ്ഷനിൽ വെച്ച് കാണാതായി എന്നാണ് പ്രദീപ് പോലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply