യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് സ്വർണവും പണവും കവരുകയും നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിയും സുഹൃത്തുമടക്കം നാല് പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടു

0

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് സ്വർണവും പണവും കവരുകയും നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിയും സുഹൃത്തുമടക്കം നാല് പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടു. നവംബർ 11 ന് പ്രതികൾ ഹാജരാകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം. മഹേഷ് ഉത്തരവിട്ടു. പ്രതികളായ ബീമാപ്പള്ളി സ്വദേശി മുഹമ്മദ് ഷാഫി, വിഴിഞ്ഞം വിഴിഞ്ഞം തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26), കോയമ്പത്തൂർ സ്വദേശി അമ്മു എന്ന പൂർണിമ വരദരാജൻ (23) , ഹബ്ബുള്ള എന്ന ഹബീബ് എന്നിവരാണ് ഹാജരാകേണ്ടത്.

2023 ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ പൂർണിമ( 23), പള്ളിത്തുറ പുരയിടത്തിൽ അജിൻ(26) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ബീമാപള്ളി സ്വദേശി ഷാഫിയും ഹബീബും പിന്നീട് പിടിയിലായി. ആറ്റിങ്ങൽ ഊരുപൊയ്ക നിവാസി അനൂപി(38)നാണ് മർദനമേറ്റത്.തുടർന്ന് അനൂപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വഞ്ചിയൂർ പാറ്റൂർ ഭാഗത്തെ ആയുർവേദ സ്പായിലെ ജോലിയുടെ ശമ്പള കുടിശിക കിട്ടിയില്ലെന്ന പേരിലാണ് ജോലി ഏർപ്പാടാക്കി നൽകിയ അനൂപിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രോസിക്യൂഷൻ കേസ്.

യുവതിക്ക് ജോലി ഏർപ്പാടാക്കിയത് അനൂപ് ആയിരുന്നു. പ്രതികളും മർദനമേറ്റ അനൂപും സുഹൃത്തുക്കളാണ്. മുമ്പ് എറണാകുളത്ത് ജോലിയുണ്ടായിരുന്ന അനൂപ് അവിടെ മറ്റൊരു സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന പൂർണിമയുമായി പരിചയത്തിലാകുകയായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് സുഹൃത്തിന്റെ പാറ്റൂരിലെ ആയുർവേദ സ്പായിൽ പൂർണിമയ്ക്ക് അനൂപ് ജോലി ലഭ്യമാക്കിയത്.

സ്പായിൽ എത്തിയ ആളുടെ പവർ ബാങ്ക് മോഷ്ടിച്ചുവെന്ന പേരിൽ യുവതിയെ ജോലിയിൽ നിന്നു പുറത്താക്കിയെന്നും ഇതോടെയാണ് ശമ്പളം ലഭിക്കാതായതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 23,000 രൂപ ശമ്പളക്കുടിശിക ലഭ്യമാക്കാത്ത വിരോധത്തിൽ അനൂപിനെ ഞായറാഴ്ച ഉച്ചയോടെ തെന്നൂർക്കോണത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

കാറിൽ സുഹൃത്തുമായിട്ടാണ് അനൂപ് എത്തിയത്. ഇവിടെ വച്ച് മർദിച്ചു. പണം, എടിഎം കാർഡ് എന്നിവയടങ്ങിയ പഴ്‌സ്, രണ്ടു മൊബൈൽ ഫോണുകൾ, മോതിരം, വാച്ച് എന്നിവ കവർന്നതിനൊപ്പം നഗ്‌ന ചിത്രങ്ങളും വിഡിയോയും പകർത്തിയെന്നും അനൂപ് പൊലീസിന് നൽകിയ മൊഴി കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അനൂപിന്റെ സുഹൃത്തിനെ ഒഴിവാക്കിയ ശേഷം കോവളം ലൈറ്റ്ഹൗസ് ഭാഗത്തെ വിജനമായ പാറക്കെട്ടിനു സമീപം എത്തിച്ചു മർദിച്ചെന്നും മൊഴിയിലുണ്ട്.

തുടർന്ന് ലഹരി ഗുളിക നൽകി കന്യാകുമാരി, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വാഹനത്തിൽ കൊണ്ടു പോയെന്നും അനൂപ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കോവളത്തെ മുറിയിൽ മടങ്ങിയെത്തിയ ശേഷം കാറിൽ നിന്നു ബാഗ് എടുക്കാനെന്ന വ്യാജേന പുറത്തിറങ്ങി രക്ഷപ്പെട്ട അനൂപ് ബീച്ച് റോഡിൽ കണ്ട തമിഴ്‌നാട് കന്യാകുമാരി കോവളം പൊലീസിനോട് വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പൂർണിമ പിടിയിലായി.

മർദനം സ്പ്രിങ് ഉൾപ്പെടെയുള്ള വസ്തുക്കളുപയോഗിച്ചായിരുന്നു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ, വിരലുകളുടെ വ്യായാമത്തിനുള്ള സ്പ്രിങ് എന്നിവയുപയോഗിച്ചുള്ള മാരകമായ മർദനമായിരുന്നു നടത്തിയതെന്ന് അനൂപ് പൊലീസിനോടു പറഞ്ഞു. കേസിൽ പ്രതിയായ ഷാഫി നേരത്തെയും വിഴിഞ്ഞത്തെ വീട്ടിൽ ആളിനെ വിളിച്ചു വരുത്തി മർദിച്ച സംഭവമുണ്ടെന്നും പൊലീസ് പറഞ്ഞു. അജിന് എതിരെ പോക്‌സോ കേസ് നിലവിലുണ്ട്. കോയമ്പത്തൂർ സ്വദേശിനിയായ പൂർണിക്ക് തെറാപ്പിസ്റ്റ് യോഗ്യത ഇല്ലെന്നും മാതാപിതാക്കൾ നഷ്ടമായ യുവതി ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നത്.

Leave a Reply