ന്യൂഡൽഹി: കോവിഡ് ആന്റിബോഡികൾ ഡെങ്കിപ്പനിയെ അപകടകാരിയാക്കി മാറ്റുന്നതായി പഠനം. ട്രാൻസിലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ (ടി.എച്ച്.എസ്.ടി.ഐ) ഗവേഷകരാണ് പഠനം നടത്തിയത്.
സാർസ് കോവ്-2 ആന്റിബോഡികളുടെ ക്രോസ് റിയാക്ഷനും ഡെങ്കിപ്പനി ബാധ രൂക്ഷമാകലും എന്ന പേരിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ടെത്തലുകൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാർസ് കോവ്-2 വാക്സിനുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലക്ഷണങ്ങൾ
കടുത്ത പനി, ശരീരവേദന, തലവേദന, ഛർദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ഡോക്ടറെ കാണണം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നിടത്ത് കൊതുകുകൾ പെരുകുന്നില്ലെന്ന് ഉറപ്പാക്കണം. ടെറസ്, പാത്തി, ഓവര്‍ഹെഡ് ടാങ്ക്, ഫ്രിഡ്ജിന്റെ ബാക് ട്രേ, ഫ്ലവര്‍ വേസ്, അലങ്കാരച്ചെടി, ചെടിച്ചട്ടികള്‍, ഉപയോഗിക്കാത്ത ക്ലോസറ്റ്, സണ്‍ഷെയ്ഡ്, ഇതുകൂടാതെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോടുകള്‍, ചിരട്ടകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബിന്നുകള്‍, ആഴം കുറഞ്ഞ കിണറുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍, വെള്ളം പിടിച്ചുവെക്കുന്ന പാത്രങ്ങള്‍ ഇവയിലൊക്കെ വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്നില്ലെന്ന് ഉറപ്പാക്കണം.