ന്യൂഡൽഹി: മദ്യത്തിന് അടിമയായ അച്ഛനെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഡൽഹിയിലെ പഞ്ചാബി ബാഗിലാണ് സംഭവം.
പ്രതിയായ റിങ്കു യാദവ് അച്ഛന്റെ മൃതദേഹം പശ്ചിമ വിഹാറിലെ ശ്മശാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾക്കിടെ കഴുത്തിലും കൈത്തണ്ടയിലുമേറ്റ മുറിവ് ശ്രദ്ധയിൽപ്പെട്ട ഒരാൾ ഇക്കാര്യം പൂജാരിയെ അറിയിച്ചു. തുടർന്ന് മകനോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.