ലക്‌നൗ: ലോക കപ്പിൽ ഓസ്‌ട്രേലിയയ്ക്ക് ആദ്യജയം. ലക്‌നൗവിൽ ശ്രീലങ്കയെ അഞ്ചുവിക്കറ്റിനാണ് ഓസീസ് ടീം കീഴടക്കിയത്. ജയിക്കാൻ 210 റൺസ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 35.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ശ്രീലങ്കയ്ക്ക് ഇത് തുടർച്ചയായ മൂന്നാം തോൽവിയാണ്.
മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ അർധ സെഞ്ച്വറികളും മർനസ് ലബുഷെയ്നിന്റെ ചെറുത്തു നിൽപ്പും ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗും ഓസീസ് ജയം അനായാസമാക്കി. 21 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 31 റൺസെടുത്ത് മാക്സ്വെലും സ്റ്റോയിനിസ് പത്ത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം സ്റ്റോയിനിസ് 20 റൺസും എടുത്തു. 209ൽ നിൽക്കെ സ്റ്റോയിനിസ് സിക്സടിച്ച് ഓസ്ട്രേലിയ വിജയം തൊട്ടു.
മിച്ചൽ മാർഷ് ഒൻപത് ഫോറുകൾ സഹിതം 51 പന്തിൽ 52 റൺസെടുത്തു. ഇംഗ്ലിസ് 59 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്ത് ടോപ് സ്‌കോററായി. വാർണർ 11 റൺസിൽ പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് സംപൂജ്യനായും മടങ്ങി. ലങ്കയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ദുനിത് വെള്ളാലഗെ ഒരു വിക്കറ്റെടുത്തു.
ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസെന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. എന്നാൽ പിന്നീട് അവിശ്വസനീയമാം വിധം തകർന്നു. 84 റൺസ് ചേർക്കുന്നതിനിടെയാണ് അവരുടെ പത്ത് വിക്കറ്റുകളും നിലംപൊത്തിയത്. ഇടയ്ക്ക് മഴ പെയ്തു കളി നിർത്തി. അപ്പോൾ നാല് വിക്കറ്റുകളായിരുന്നു അവർക്ക് നഷ്ടമായത്. പിന്നീട് മഴ മാറി കളി വീണ്ടും തുടങ്ങി. പിന്നാലെ ക്ഷണത്തിൽ തന്നെ അവരുടെ ഇന്നിങ്‌സിനും തിരശ്ശീല വീണു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കായി ഓപ്പണർമാർ മിന്നും തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ പതും നിസ്സങ്ക- കുശാൽ പെരേര സഖ്യം 125 റൺസ് ബോർഡിൽ ചേർത്താണ് പിരിഞ്ഞത്. ഇരുവരും അർധ സെഞ്ച്വറികളും സ്വന്തമാക്കി.