കോഴിക്കോട്: ഭാര്യയ്ക്കും മകൾക്കും ഒപ്പമെത്തി ചുമതലയേറ്റെടുത്ത് കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ സിങ് ഐഎഎസ്. കളക്ടർക്കൊപ്പം ഭാര്യയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനേയും കണ്ടത് കളക്റ്റ്രേറ്റിലെ ജീവനക്കാർക്കും ഹൃദ്യാനുഭവമായി. കളക്ടർ കസേരയിലേക്ക് ഇരുന്നപ്പോൾ മകൾ മടിയിലിരുന്നു. ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേൽക്കാനെത്തിയ സ്നേഹിൽകുമാർ സിങ്ങിനെ സബ് കലക്ടർ വി.ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നേരത്തെ അസിസ്റ്റന്റ് കലക്ടറായി കോഴിക്കോട് ജോലി ചെയ്തിരുന്നതിനാൽ ഈ നാട് കളക്ടർക്ക് പരിചിതവുമാണ്. ആ അവസരത്തിൽ കോഴിക്കോടിന്റെ സൗഹൃദവും സ്‌നേഹവും നേരിട്ടറിഞ്ഞ സ്‌നേഹിൽകുമാറിന് ഓഫിസും പരിസരവും അപരിചിതമായിരുന്നില്ല. 2017ൽ ആണ് അദ്ദേഹം ഇവിടെ സേവനമനുഷ്ഠിച്ചത്. ഒരു വർഷത്തിനുശേഷം കൊച്ചിയിലേക്കു പോയ അദ്ദേഹം 5 വർഷത്തിനുശേഷമാണ് കലക്ടറായി തിരിച്ചെത്തിയിരിക്കുന്നത്.
പൊതുജന പങ്കാളിത്തത്തോടെ ഭരണ നിർവഹണം സാധ്യമാക്കുന്നതിൽ കോഴിക്കോട് മാതൃകയാണെന്നും ജില്ലയെ മാലിന്യമുക്തമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു. വ്യവസായ, ടൂറിസം മേഖലകളിലെ ജില്ലയുടെ വളർച്ചയ്ക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.