ശുഭ്മാന്‍ ഗില്‍ സെപ്റ്റംബറിലെ മികച്ച താരം; ഐസിസി പുരസ്‌കാരം ഈ വര്‍ഷം രണ്ടാം തവണ, ആദ്യ ഇന്ത്യന്‍ താരം

0

ദുബൈ: ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള സെപ്റ്റംബര്‍ മാസത്തിലെ പുരസ്‌കാരം ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിനു. സെപ്റ്റംബറിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ശ്രീലങ്കന്‍ സൂപ്പര്‍ താരം ചമരി അട്ടപ്പട്ടുവിനാണ്.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഗില്‍ പുരസ്‌കാരം നേടുന്നത്. ഇന്ത്യയുടെ തന്നെ മുഹമ്മദ് സിറാജ്, ഇംഗ്ലണ്ട് ഓപ്പണര്‍ ഡേവിഡ് മാലന്‍ എന്നിവരെ പിന്തള്ളിയാണ് ഗില്‍ നേട്ടം സ്വന്തമാക്കിയത്. ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയക്കെതിരായ പരമ്പര എന്നിവയിലെ മികവാണ് ഗില്ലിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്.

രണ്ട് തവണ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യ താരമായും ഇതോടെ ഗില്‍ മാറി. നേരത്തെ ഈ വര്‍ഷം ജനുവരിയിലാണ് ഗില്‍ ആദ്യമായി പുരസ്‌കാരം നേടിയത്. ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് ഗില്‍ മികച്ച താരത്തിനുള്ള ജനുവരിയിലെ അവാര്‍ഡ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് മണ്ണിലെ ആദ്യ കിരീട നേട്ടത്തിലേക്ക് ശ്രീലങ്കയെ നയിച്ച മികവാണ് ചമരി അട്ടപ്പട്ടുവിനെ പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയാണ് ശ്രീലങ്ക നേടിയത്. ബാറ്റിങും ബൗളിങും കൊണ്ടു ടീമിനെ മികവിലേക്ക് നയിക്കാന്‍ ചമരി നിര്‍ണായക സാന്നിധ്യമായി.

Leave a Reply