കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളും ഇതേ പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം വന്നതായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്പാവൂരിൽ ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ഒഡീഷ സ്വദേശി ശ്രമിച്ചിരുന്നു. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയായ സിമാചൽ ബിഷോയ് എന്നയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ മറ്റ് കുട്ടികൾ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.