കൊച്ചി: തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും മുസ്ലിം സ്ത്രീകളെ തട്ടമൂരി അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നുമുള്ള സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന വിവാദത്തിൽ. വിഷയത്തിൽ ഉമർ ഫൈസിക്കെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്‌റ അടക്കമുള്ളവർ രംഗത്തുവന്നു. സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ തട്ടം നീക്കിയാണ് വി പി സുഹ്‌റ പ്രതിഷേധിച്ചത്.
നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു സാമൂഹ്യ പ്രവർത്തക വി പി സുഹ്‌റ പ്രതിഷേധിച്ചത്. പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായി. പിടിഎ പ്രസിഡന്റ് വി പി സുഹ്‌റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തിൽ വി പി സുഹ്‌റ നല്ലളം പൊലീസിൽ പരാതി നൽകി.
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് താൻ പ്രതിഷേധിച്ചതെന്ന് വി പി സുഹ്‌റ പറഞ്ഞു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്‌റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്‌റ പറയുന്നു.
മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന.പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പറഞ്ഞിരുന്നു. തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു.
കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവർ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പിൽ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഉമർ ഫൈസി പറഞ്ഞിരുന്നു. പി എം എ സലാമിനെതിരെ അദ്ദേഹം രൂക്ഷവിമർശനമാണ് നടത്തിയത്. സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തിൽ ഇരുത്തുന്ന കാര്യം മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കണം.
സമസ്തയ്‌ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയി. മുസ്ലിം ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നത്. മതേതര കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നത ലീഗും സമസ്തയും തമ്മിലല്ല. സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടില്ല. നല്ല രീതിയിൽ പോയാൽ എല്ലവർക്കും നല്ലത്. ചിലർ കുസൃതി കാട്ടിയാലും ഭൂരിഭാഗം ആളുകളും സമസ്തക്ക് ഒപ്പമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
അതേസമയം, തട്ടം വിവാദത്തിൽ ലീഗിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സമസ്തയിലെ ലീഗനുകൂല നേതാവിന്റെ ചുവട് മാറ്റം. വിവാദത്തിൽ തുടക്കം മുതൽ ലീഗിനൊപ്പം നിന്ന അബ്ദുസമദ് പൂക്കോട്ടൂരും ജനറൽ സെക്രട്ടറി പിഎം എ സലാമിനെതിരെ രംഗത്തെത്തിയത്. പിഎംഎ സലാം സമസ്ത അധ്യക്ഷനെതിരെ വിമർശനം നടത്തിയപ്പോൾ അതിനെതിരെ സംഘടനാനേതാക്കൾ ലീഗ് ജനറൽസെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ ഒപ്പ് വെക്കാതെ മാറി നിന്ന അബ്ദുസമദ് പൂക്കോട്ടുരാണിപ്പോൾ സലാമിന് വീഴ്ച പറ്റിയെന്ന നിലപാടുമായി മുന്നോട്ട് വന്നത്.
തട്ടം വിവാദത്തിൽ പ്രതികരിക്കാതിരുന്ന സമസ്ത നേതാക്കളെ സിപിഎം പക്ഷപാതികളായി മുദ്രകുത്താൻ ലീഗ് നേതാക്കൾ ശ്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം സമസ്തയിലെ ലീഗ് വിരുദ്ധർ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. സമസ്ത നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ നീക്കം ശക്തമായതോടെ സംഘടനയിലെ ലീഗ് ചേരിക്ക് നിവൃത്തിയില്ലാതായി.