ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

0

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ശബരിമല മേല്‍ശാന്തിയെ പന്തളം കൊട്ടാരത്തിലെ വൈദേഹും മാളികപ്പുറം മേല്‍ശാന്തിയെ നിരുപമ ജി വര്‍മ്മയും നറുക്കെടുക്കും. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരെയാണ് ഇന്നു നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്.

അന്തിമ മേൽശാന്തി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 17 പേരുകൾ രാവിലെ 7.30ന് ഉഷ: പൂജയ്ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തിൽ ചുരുട്ടിയിടും. മറ്റൊരു വെള്ളിക്കുടത്തിൽ 16 വെള്ളപ്പേപ്പറും മേൽശാന്തി എന്ന് എഴുതിയ പേപ്പറും ഇടും. തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ വയ്ക്കും.

തുടർന്ന് പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈ​ദേ​ഹ് ആദ്യത്തെ കുടത്തിൽ നിന്ന് നറുക്ക് എടുക്കും. അടുത്ത കുടത്തിൽ നിന്ന് മേൽശാന്തി എന്ന് എഴുതിയ നറുക്ക് കിട്ടുന്നവർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെടും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി നറുക്കെടുപ്പും ഇതേ രീതിയിൽ നടക്കും. മാളികപ്പുറം ക്ഷേത്രത്തിൽ 12 പേരാണ് അന്തിമ മേൽശാന്തി പട്ടികയിൽ ഉള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള നി​രു​പ​മ​ ​ജി. വ​ർ​മ്മ​യാണ് നറുക്കെടുക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, സ് പെഷ്യൽ കമ്മിഷണർ എം.മനോജ്, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് പത്മനാഭൻ നായർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി ജി. ബൈജു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്മണ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് .

തുലാമാസ പൂജകൾക്കായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്. തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര അട്ട വിശേഷത്തിനായി നവംബർ 10ന് വൈകിട്ട് 5ന് നടതുറക്കും. 11നാണ് ആട്ട ചിത്തിര മഹോത്സവം

Leave a Reply