ചെന്നൈ: പണം തട്ടിപ്പു കേസിൽ തമിഴകത്തെ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. നടി മഹാലക്ഷ്മിയുടെ ഭർത്താവാണ് രവീന്ദർ. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു നടി രംഗത്തുവന്നു. തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവീന്ദറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങളിലും രവീന്ദറിനൊപ്പം തന്നെ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ഒരു പ്രതിബന്ധങ്ങൾക്കും തങ്ങളെ പിരിക്കാൻ കഴിയില്ല എന്നതാണ് പുതിയ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതും.
”എന്നിൽ പുഞ്ചിരി കൊണ്ടുവരാൻ നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്‌നേഹിക്കാനുള്ള യഥാർഥ കാരണം വിശ്വാസമാണ്. എന്നാൽ ഇവിടെ എന്നേക്കാൾ വിശ്വാസം നിന്നെ സ്‌നേഹിക്കുന്നു. പഴയ പോലെ അതേ സ്‌നേഹം വർഷിച്ച് എന്നെ സംരക്ഷിക്കൂ. സ്‌നേഹം മാത്രം, എന്ന് സ്വന്തം അമ്മു.”ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ചു.
നേരത്തെ അറസ്റ്റിലായ രവീന്ദറിനെതിരെ മഹാലക്ഷ്മി തെളിവുകൾ നൽകിയെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദർ വിവാഹം ചെയ്തതെന്നും രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമൊക്കെ നടി മൊഴിയായി നൽകിയെന്നായിരുന്നു വാർത്ത. എന്നാൽ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഈ ഒരു ചിത്രത്തിലൂടെ മഹാലക്ഷ്മി പറയാതെ പറയുന്നു.
ഭർത്താവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായ സമയത്തും പ്രതികരണവുമായി മഹാലക്ഷ്മി എത്തിയിരുന്നു. ഇതും കടന്നുപോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.