‘പുരുഷാധിപത്യ രാഷ്ട്രീയം; ഗൂഢാലോചനകളെ അതിജീവിക്കാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു’; പുതുച്ചേരി മന്ത്രിസഭയിലെ ഏക വനിതാമന്ത്രി രാജിവെച്ചു

0

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏക വനിതാ മന്ത്രി ചന്ദിര പ്രിയങ്ക രാജിവെച്ചു. എഐഎൻആർസി – ബിജെപി സഖ്യ സർക്കാരിലെ ഏക വനിതാ മന്ത്രിയാണ് രാജിവച്ചത്. രാഷ്ട്രീയത്തിലെ ജാതി വിവേചനവും പുരുഷാധിപത്യ പ്രവണതകളും പണാധികാരവും കാരണമാണ് രാജിവെച്ചതെന്ന് ചന്ദിര പ്രിയങ്ക സമൂഹ മാധ്യമമായ എക്‌സിൽ വ്യക്തമാക്കി. വിമർശകരുടെ വായടപ്പിക്കാൻ മന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങളുടെ പട്ടിക പുറത്തുവിടുമെന്നും ചന്ദിര പ്രിയങ്ക പറഞ്ഞു.

എഐഎൻആർസി (ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്) ടിക്കറ്റിലാണ് പ്രിയങ്ക മത്സരിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട പ്രിയങ്ക ഗതാഗതം, പട്ടികജാതി ക്ഷേമം, കല, സംസ്‌കാരം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പേഴ്സണൽ അസിസ്റ്റന്റ് മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ് നിവാസിനും രാജിക്കത്ത് അയച്ചു.

പുരുഷാധിപത്യ രാഷ്ട്രീയത്തിൽ തനിക്കെതിരായ ഗൂഢാലോചനകളെ അതിജീവിക്കാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു എന്നാണ് ചന്ദിര പ്രിയങ്കയുടെ പ്രതികരണം. സ്ത്രീയും ദളിതയുമാണ് എന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും എന്നാൽ തന്റെ ജാതിയും ജെൻഡറും മറ്റുള്ളവർക്ക് അലോസരമായി മാറിയെന്നും അവർ പ്രതികരിച്ചു.

എംഎൽഎ എന്ന നിലയിൽ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് ചന്ദിര പ്രിയങ്ക വ്യക്തമാക്കി. തന്റെ ഒഴിവിലേക്ക് ദളിത് അല്ലെങ്കിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആരെയെങ്കിലും പരിഗണിക്കണം. പണവും സ്വാധീനവുമുള്ളവർ തന്റെ പിൻഗാമിയാകരുത്, അത് ഈ സമുദായങ്ങളോട് അനീതിയാകുമെന്നും ചന്ദിര പ്രിയങ്ക പ്രതികരിച്ചു.

അതേസമയം മുഖ്യമന്ത്രി എൻ രംഗസാമിയുടെ നയങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ ചന്ദിര പ്രിയങ്കയെ പുറത്താക്കി എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ വൃത്തങ്ങൾ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ മന്ത്രിയുടെ രാജിയെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി രംഗസാമി പ്രതികരിച്ചില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മറുപടി.

Leave a Reply