ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ പുലർച്ചെയാണ് പടയപ്പയിറങ്ങിയത്. ജനവാസ മേഖലയിൽ ഒരു മണിക്കൂറോളം തമ്പടിച്ച ആന നിരവധി കൃഷി നശിപ്പിച്ചു. തൊഴിലാളികൾ ബഹളം വെച്ചതോടെയാണ് ആന തിരിച്ച് പോയത്.
സാധാരണയായി അരി തേടി എത്താറുള്ള ആന ഇത്തവണ അരി കിട്ടാതായതോടെയാണ് പച്ചക്കറി കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുണ്ടള എസ്റ്റേറ്റിൽ പടയപ്പയിറങ്ങിയിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെ ആന ആളുകൾക്ക് നേരെ തിരിഞ്ഞു. എസ്റ്റേറ്റിലെ മണ്ണ് മണ്ണ് ഉൾപ്പെടെ കുത്തിനീക്കിയശേഷം നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരുപാട് നേരം എസ്റ്റേറ്റിൽ നിലയുറപ്പിച്ച ശേഷമാണ് ആന കാടുകയറിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാർ മേഖലയിൽ ആന ഇറങ്ങുന്നത് പതിവാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന പടയപ്പ നാട്ടുകാർക്ക് ഭീഷണിയാണ്. ആന ഇറങ്ങുന്നതിനാൽ ഭീതിയോടെയാണ് ഇവിടെ ജീവിക്കുന്നതെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. .