പൂനെ: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ടീം ഇന്ത്യക്ക് തിരിച്ചടിയായി. ന്യൂസിലന്‍ഡിനെതിരെ വരാനിരിക്കുന്ന മത്സരം നഷ്‌ടമായേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിൽ ഒക്‌ടോബര്‍ 22നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം. ഇന്നലത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് കാല്‍ക്കുഴയ്‌ക്ക് ഹാര്‍ദിക്കിന് പരിക്കേറ്റത്.
ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ തന്‍സിദ് ഹസന്‍റെ സ്ട്രൈറ്റ് ഡ്രൈവ് തടയാനുള്ള ശ്രമത്തിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ബാന്‍ഡേജ് ചുറ്റി കളി തുടരാന്‍ താരവും മെഡിക്കല്‍ സംഘവും തീരുമാനിച്ചെങ്കിലും വേദന കാരണം മുടന്തി ഹാര്‍ദിക്കിന് ഉടനടി ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. ഹാര്‍ദിക് പാണ്ഡ്യയെ മത്സരം പൂര്‍ത്തിയാകും മുമ്പ് സ്‌കാനിംഗിന് വിധേയമാക്കി. താരം പിന്നീട് കളിക്കളത്തില്‍ തിരിച്ചെത്തിയില്ല. എന്നാല്‍ ഹാര്‍ദിക്കിന്‍റെ പരിക്ക് സാരമുള്ളതല്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു ബംഗ്ലാദേശിന് എതിരായ മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. ‘വേദനയോടെയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. എന്നാല്‍ ഒന്നും ഗൗരവമുള്ളതല്ല. നാളെ രാവിലെ എങ്ങനെയിരിക്കുന്നുവെന്ന് പരിശോധിക്കണം. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട്’ എന്നും രോഹിത് വ്യക്തമാക്കി.
എന്നാല്‍ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ 22-ാം തിയതി നടക്കാനിരിക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരം ഹാര്‍ദിക്കിന് നഷ്‌ടമാവാനിടയുണ്ട് എന്നാണ്. ‘ഹാര്‍ദിക് പാണ്ഡ്യയോട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിച്ചേരാന്‍ ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചു. ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ധ ഡോക്‌ടര്‍ പാണ്ഡ്യയെ ചികില്‍സിക്കും. പാണ്ഡ്യക്ക് സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നും താരത്തിന് ഇഞ്ചക്ഷന്‍ എടുത്താല്‍ ഭേദമാകും. പാണ്ഡ്യക്ക് അടുത്ത മത്സരം നഷ്‌ടമാകും’ എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 29-ാം ലഖ്‌നൗവില്‍ വച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് പാണ്ഡ്യ ഇന്ത്യന്‍ ടീമിനൊപ്പം ചേരും എന്നാണ് നിലവിലെ പ്രതീക്ഷ.