നവജാത ശിശുക്കളെ പണം നൽകി വാങ്ങും; കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽപ്പന; സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറും ഇടനിലക്കാരിയും പിടിയിൽ; പ്രതികൾക്ക് അനധികൃത അവയവദാന ഇടപാടിലും പങ്കുണ്ടെന്ന് പൊലീസ്

0


ചെന്നൈ: നവജാതശിശുക്കളെ മാതാപിതാക്കളിൽനിന്നും പണം നൽകി വാങ്ങിയ ശേഷം കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ഇടനിലക്കാരിയും സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറും അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനർപാളയം സ്വദേശി ലോകാമ്മാൾ(38) എന്നിവരെയാണ് തിരുച്ചെങ്ങോട് ടൗൺ പൊലീസ് പിടികൂടിയത്.

സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഒക്ടോബർ 12-ാം തീയതി പരാതിക്കാരനായ ദിനേശിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനാൽ കുഞ്ഞിനെ കഴിഞ്ഞദിവസം തിരുച്ചെങ്ങോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് നഴ്സാണെന്ന വ്യാജേന പരിചയപ്പെട്ട ലോകാമ്മാൾ കുഞ്ഞിനെ വാങ്ങാനായി ദിനേശിനെ സമീപിച്ചത്.

കുഞ്ഞിനെ തനിക്ക് നൽകിയാൽ രണ്ടുലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു ലോകാമ്മാളിന്റെ വാഗ്ദാനം. ഇതോടെ ദിനേശ് തിരുച്ചെങ്ങോട് പൊലീസിൽ പരാതി നൽകി. തുടർന്ന് തിരുച്ചെങ്ങോട് ഡി.എസ്‌പി.യുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണ സംഘം നവജാതശിശുവിനായി യുവാവിനെ സമീപിച്ചത് ലോകാമ്മാളാണെന്ന് തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ലോകമ്മാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ സഹായിയായ ഡോക്ടർ അനുരാധയെയും പൊലീസ് അറസ്റ്റ് ചെയ്തു. നവജാത ശിശുക്കളെ പണം നൽകി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽപ്പന നടത്തുന്നതാണ് പ്രതികൾ ചെയ്തിരുന്നതെന്നും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവർ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വനിതാ ഡോക്ടറുടെ സഹായത്തോടെ ഇതുവരെ ഏഴുകുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായാണ് ചോദ്യംചെയ്യലിൽ ലോകാമ്മാൾ വെളിപ്പെടുത്തിയത്. തിരുനെൽവേലി, തിരുച്ചിറപ്പള്ളി തുടങ്ങിയ മേഖലകളിലാണ് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയിട്ടുള്ളതെന്നും പ്രതി മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അനധികൃത അവയവദാന ഇടപാടിലടക്കം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Leave a Reply