കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്കിൽനിന്ന് പണം നൽകുന്നതിന് നബാർഡ് വിലക്ക്

0

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി. ശനിയാഴ്ച അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം നബാർഡ് അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാ മാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം കെ കണ്ണനും സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിശദീകരിച്ചു.

കരുവന്നൂർ സഹകരണബാങ്കിലെ പ്രതിസന്ധി പരിഹരിക്കാൻ കേരളബാങ്കിൽനിന്ന് പണം നൽകുന്നത് വിലക്കിയ നബാർഡിന്റെ നടപടി സർക്കാരിനും സിപിഎമ്മിനും തിരിച്ചടിയായി. ബാങ്കിലെ കോടികളുടെ തട്ടിപ്പും പിന്നാലെയുണ്ടായ ഇഡി അന്വേഷണവും സഹകരണ മേഖലയിൽ പ്രതിസന്ധിക്ക് വഴിവെച്ചപ്പോൾ നിക്ഷേപകർക്ക് പണംനൽകാൻ കേരളബാങ്കിൽനിന്ന് വായ്പ ലഭ്യമാക്കാനായിരുന്നു ശ്രമം. ഇതിനായി തൃശ്ശൂരിൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കേരളബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ കൂടിക്കാഴ്ച നടത്തി. തുടർന്നാണ് 100 കോടിരൂപ കേരളബാങ്കിൽനിന്ന് വായ്പ ലഭ്യമാക്കാനുള്ള ആലോചന ശക്തമായത്. എന്നാൽ, റിസർവ് ബാങ്കിന്റെ മാർഗരേഖ ചൂണ്ടിക്കാട്ടി ശനിയാഴ്ച നബാർഡ് മേഖലാ ഓഫീസിൽനിന്നുള്ള അടിയന്തര നിർദേശം കേരളബാങ്ക് സിഇഒയ്ക്ക് ലഭിച്ചു.

Leave a Reply