തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി മറ്റ് ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതായി യാത്രക്കാരുടെ പരാതി. സംസ്ഥാനത്തോടുന്ന പാസഞ്ചർ ട്രെയിനുകളുൾപ്പെടെ മിക്ക ട്രെയിനുകളും വന്ദേ ഭാരതുകളുടെ വരവോടെ സമയക്രമം തെറ്റിയാണ് ഓടുന്നത്. ട്രെയിനുകളുടെ സമയം തെറ്റിയതോടെ യാത്രക്കാരാണ് ദുരിതത്തിലായത്. ട്രെയിനുകൾ സമയം തെറ്റുന്നതിനെതിരെ ആലപ്പുഴ മുതൽ എറണാകുളം വരെ ഓരോ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്.
പിടിച്ചിടുന്നത് കാരണം ജോലിക്ക് പോകുവാനും തിരിച്ചു വീട്ടിൽ എത്താനും വൈകുന്നു തുടങ്ങി നിരവധി പ്രശ്നങ്ങളാണ് യാത്രക്കാർ നേരിടുന്നത്. ദീർഘദൂര ട്രെയിനുകളുമായി കണക്ട് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് ട്രെയിനുകൾ സമയത്തെത്താനാകുന്നില്ല . വന്ദേഭാരതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ റെയിൽവേ ബദൽ സംവിധാനമൊരുക്കണമെന്നും യാത്രക്കാർ പറയുന്നു . ഏറനാട്, ഇന്റർസിറ്റി, കോട്ടയം-നിലമ്പൂർ എക്സ്പ്രസ്, കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളും പിടിച്ചിടുന്നതായും യാത്രക്കാർ പറയുന്നു. മലബാറിൽ നിന്നുള്ള കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിനുൾപ്പെടെ സമയക്രമം തെറ്റിയിരിക്കുന്നു. ആലപ്പുഴ-എറണാകുളം പാസഞ്ചറിനും ഇതുതന്നെയാണ് അവസ്ഥ. പാലക്കാടും സമാനമായ ബുദ്ധിമുട്ടാണ് നേരിടുന്നത്.പാലരുവ് എക്സ്പ്രസിനും സമാനമായ അവസ്ഥയാണ്.
വന്ദേ ഭാരതത്തിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജംഗ്ഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് ഇവർ പരാതിയും നൽകി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് തീരുമാനം.