ഇസ്രായേല്‍ ഹമാസ് യുദ്ധം ഭീകരമാകുന്നു ; ഇരുവിഭാഗത്തിലുമായി മരണം 1200 ആയി ; അമേരിക്കന്‍ സൈന്യവും യുദ്ധമുഖത്തേക്ക്

0


ജറുസലേം: ഞായറാഴ്ച യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേല്‍ ബോംബ് വര്‍ഷിക്കാന്‍ തുടങ്ങിയതോടെ ഇരുവിഭാഗത്തും മരണം 1200 ആയി. ഇസ്രായേല്‍ നടത്തിയ രൂക്ഷമായ ബോംബാക്രമണത്തില്‍ മാത്രം 413 മരണപ്പെട്ടതായിട്ടാണ് വിവരം. യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കെ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 700 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസയില്‍ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ സേനയും യുദ്ധമുഖത്തേക്ക് വരികയാണ്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗാസയിലേക്ക് ഇസ്രായേലിന്റെ കരസേനയുടെ നീക്കം ഉണ്ടാകുമെന്നാണ് വിവരം. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരില്‍ അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, നേപ്പാള്‍ പൗരന്മാരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നൂറിലധികം ഇസ്രായേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. 30 പേര്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്‌ളാമിക ജിഹാദ് പ്രതികരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് പരിക്കേറ്റിയിരിക്കുന്നത്. ഹമാസ് തീവ്രവാദികള്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ സംഗീത പരിപാടി നടന്ന വേദിയില്‍ നിന്നും 260 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മാറ്റിയതായും പാരാമെഡിക്‌സ് വിഭാഗവും പറയുന്നുണ്ട്. യഥാര്‍ത്ഥ മരണസംഖ്യ ഇതിലൂം കൂടാനും സാധ്യതയുണ്ട്.

വെടിവെയ്പ്പ് തുടങ്ങിയതോടെ സംഗീത പരിപാടിക്ക് എത്തിയ അനേകം ആള്‍ക്കാര്‍ ഓടുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഗാസയ്ക്ക് സമീപമുള്ള മരുഭൂമിയില്‍ നടന്ന ടെക്‌നോ മ്യുസിക് ഫെസ്റ്റിവെല്ലിലേക്ക് കടന്നുകയറിയ ഹമാസ് കണ്ണില്‍ക്കണ്ടവരെ വെടിവെയ്ക്കുകയായിരുന്നു. ഇസ്രായേല്‍ സൈനികരും ഹമാസ് തീവ്രവാദികളും ദക്ഷിണ ഇസ്രായേലില്‍ തെരുവില്‍ ഏറ്റുമുട്ടുന്നതായിട്ടാണ് വിവരം. ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണം മുന്‍കൂട്ടികാണാനും പ്രതികരിക്കാനും കഴിയാത്തതില്‍ ഇസ്രായേല്‍ സൈന്യം വിമര്‍ശിക്കപ്പെടുന്നുണ്ട്.

ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഇസ്രായേലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തില്‍ ഇസ്രായേലിന് ഉറച്ച പിന്തുണയാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസിന്റെ ആക്രമണത്തില്‍ നാല് അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ബ്രിട്ടനും ഇസ്രായേലിന് പിന്തുണ നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.

Leave a Reply