ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരന് വീട്ടിലെത്തി മറുപടി നൽകി ഇസ്രയേൽ സേന; ഹമാസ് സൈനിക മേധാവിയുടെ പിതാവിന്റെ വീട് ബോംബിട്ട് തകർത്തു

0

ടെൽ അവീവ്: ഇസ്രയേലിൽ കനത്ത നാശം വിതച്ച ആക്രമണത്തിന്റെ സൂത്രധാരനായ ഹമാസ് സൈനിക മേധാവിക്ക് ശക്തമായ മറുപടി നൽകി ഇസ്രയേൽ പ്രതിരോധ സേന. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ഇസ്രയേൽ ബോംബിട്ട് തകർത്തതായാണ് വിവരം. ടൈംസ് ഓഫ് ഇസ്രയേൽ ആണ് വിവരം പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫ്.

വ്യോമാക്രമണം തുടരുന്ന ഇസ്രയേൽ സേന ഗസ്സ മുനമ്പിലെ അൽ ഫുഖ്‌റാൻ പ്രദേശത്തുള്ള 200-ലധികം ഹമാസ് കേന്ദ്രങ്ങൾ ബുധനാഴ്ച രാവിലെ തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്തുണ്ടാകുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. ആക്രമണങ്ങളിൽ മൊത്തം 450 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്‌സിലൂടെ അറിയിച്ചു.

അതേസമയം, ഇസ്രയേൽ – ഹമാസ് യുദ്ധം അഞ്ച് ദിവസമായി തുടരുന്നതിനിടെ ഇരുഭാഗത്തും മരിച്ചവരുടെ എണ്ണം 3500 കടന്നുവെന്ന് റിപ്പോർട്ടുകൾ. ഇസ്രയേലിൽമാത്രം മരിച്ചവരുടെ എണ്ണം 1200 ആയതായി ഇസ്രയേലി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.

ശനിയാഴ്ച മുതൽ ഇതുവരെ 169 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഗസ്സയിൽ 900 പേർ കൊല്ലപ്പെട്ടുവെന്നും 4600 പേർക്ക് പരിക്കേറ്റുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ള കണക്കുകൾ. 1500 ഹമാസുകാരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽനിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.

ഇസ്രയേൽ – ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് പ്രവേശിച്ചതോടെ ഫലസ്തീനിൽ നിന്നുള്ള കൂട്ടപ്പലായനം തടയാൻ ശക്തമായ നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഗസ്സയിൽ നിന്ന് പുറത്തുകടക്കാനുള്ള കവാടത്തിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ഗസ്സയിൽ അഞ്ചാം ദിനവും കനത്ത ബോംബിങ് തുടരുകയാണ്. ഗസ്സ ഇനിയൊരിക്കലും പഴയതു പോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി. മുതിർന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു

ഗസ്സയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്ന പ്രദേശത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഈജിപ്ത് നടുക്കം രേഖപ്പെടുത്തി. പൗരന്മാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കണമെന്ന് ഈജിപ്ത് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. ഗസ്സയിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസി പറഞ്ഞു. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലാണ് ഗസ്സ നിവാസികൾ.

അതേസമയം സിനായിലേക്കുള്ള പലായനത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മറ്റുള്ളവരുടെ പ്രശ്‌നങ്ങളുടെ ചെലവ് വഹിക്കാൻ ഈജിപ്ത് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനിൽ നിന്നുള്ള കൂട്ടപ്പലായനത്തെ തുടർന്ന് ഈജിപ്ത്, അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ഗസ്സയിലെ 2.3 മില്യൻ ജനങ്ങൾക്ക് റഫ വഴി സിനായിലെത്തുകയാണ് ഏകരക്ഷാമാർഗം.

ആക്രമണം നടത്തുന്ന ഇസ്രയേലും കടലുമാണ് ഗസ്സ മുനമ്പിനു ചുറ്റിലും. ഇതുവഴി ഫലസ്തീനിൽ നിന്നുള്ള അഭയാർഥികൾക്കു രക്ഷപ്പെടാനാകില്ല. 2007ൽ ഗസ്സയിൽ നിന്നുള്ള ജനങ്ങൾക്കും ചരക്കു നീക്കത്തിനും ഇസ്രയേലും ഈജിപ്തും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിനിടെ നിരവധി ഫലസ്തീനികൾ ഈജിപ്തിലേക്കു കുടിയേറിയതായും ഈജിപ്ത് അറിയിച്ചു.

ഇതിനിടെ ഇസ്രയേലിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ കുടിയൊഴിപ്പിക്കുകയാണ്. കാനഡ പൗരന്മാരെ ഉടൻ കുടിയൊഴിപ്പിക്കും. ഹംഗറി, അർബേനിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കുടിയൊഴിപ്പിക്കൽ തുടരുകയാണ്. .

Leave a Reply