തിരുവനന്തപുരം: ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് പരിശോധന നടത്തിയ 78 ഔട്ട് ലെറ്റുകളിൽ 70 ഔട്ട് ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കാണപ്പെട്ട തുകയും തമ്മിൽ വ്യത്യാസം കാണ്ടെത്തി. വ്യത്യാസം കണ്ട ഭൂരിപക്ഷം ഔട്ടലെറ്റുകളിലും കൗണ്ടറിൽ കാണേണ്ട യഥാർഥ തുകയേക്കാൾ കുറവാണ്. ചില ഔട്ട് ലെറ്റുകളിൽ അധികമായും തുക കണ്ടെത്തി. ക്യാഷ് കൗണ്ടറിൽ തുക കുറയാനുള്ള സാഹചര്യം വരും ദിവസങ്ങളിൽ പരിശോധനക്ക് വിജിലൻസ് വിധേയമാക്കും.
കഴിഞ്ഞ ഒരു വർഷം ഓരോ ഔട്ട് ലെറ്റിൽ നിന്നും വിറ്റഴിച്ച മദ്യത്തിന്റെ ബ്രാൻഡ് പരിശോധിച്ചതിൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ചില ഔട്ട് ലെറ്റുകൾ വഴി ചില പ്രത്യേകതരം മദ്യം മാത്രം കൂടുതൽ വിറ്റഴിച്ചു. അതിന് പിന്നിൽ ബെവ്കോ ഉദ്യോഗസ്ഥരെ ഈ മദ്യകമ്പനികളുടെ ഏജന്റുമാർ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വിജിലൻസ് വരും ദിവസങ്ങളിൽ പരിശോധിക്കും.