പുരുഷ ക്രിക്കറ്റിലും കബഡിയും ബാഡ്മിന്റൺ ഡബിൾസിലും സ്വർണനേട്ടം; അഫ്ഗാനെതിരായ ഫൈനൽ മഴ മുടക്കിയിട്ടും ഇന്ത്യക്ക് സ്വർണം; ചരിത്രനേട്ടത്തിൽ റുതരാജ് ഗെയ്ക്വാദും സാത്വിക് സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യവും

0


ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്. പുരുഷ ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യ സ്വർണമണിഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുൻതൂക്കം പരിഗണിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ മെഡലുകളുടെ എണ്ണം 28 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ നാടകീയ ഫൈനലിനൊടുവിൽ ഇന്ത്യ സ്വർണം സ്വന്തമാക്കുകയായിരുന്നു. കരുത്തരായ ഇറാനെ 33-29 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ ടീമിന്റെ സ്വർണ നേട്ടം. അതേ സമയം ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യ സ്വർണം നേടി.

ഡബിൾസ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് (21 -18, 21 – 16) ഇന്ത്യൻ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

പുരുഷ കബഡി ഫൈനലിൽ ടീമുകളുടെ പ്രതിഷേധത്തെ തുടർന്ന് മത്സരം താത്കാലികമായി റദ്ദാക്കിയിരുന്നു. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവങ്ങൾക്ക് തുടക്കം. ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യൻ താരം പവൻ ഡു ഓർ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യൻ താരത്തെ ഇറാൻ താരങ്ങൾ പിടിച്ചെങ്കിലും ഇറാൻ താരങ്ങളെ സ്പർശിക്കും മുമ്പ് താൻ ലൈനിന് പുറത്തുപോയതായി പവൻ അവകാശപ്പെട്ടു.

നാല് ഇറാൻ പ്രതിരോധ താരങ്ങൾ പുറത്തുപോയ പവനെ സ്പർശിച്ചതിനാൽ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നൽകിയെങ്കിലും ഇന്ത്യ നാല് പോയന്റ് നൽകണമെന്ന് വാദിച്ച് പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനം മാറ്റി. പിന്നാലെ ഇറാൻ ടീം പ്രതിഷേധവുമായി കോർട്ടിൽ കുത്തിയിരുന്നു.

പ്രതിഷേധങ്ങളെ തുടർന്ന് മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതർ ഇടപെട്ട് മത്സരം താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ സ്വർണം ഉറപ്പാക്കി.

പുരുഷ ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാൻ 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു.

മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യൻ ഗെയിംസ് സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. നേരത്തെ വനിതാ ടീം ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചിരുന്നു. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം റുതുരാജ് ഗെയ്ക്വാദിനും സ്വന്തമായി.

Leave a Reply