കരിപ്പൂരിലെ സ്വർണക്കടത്ത്; സിഐ.എസ്.എഫ്. അസിസ്റ്റന്റ് കമാൻഡന്റ് കസ്റ്റഡിയിൽ: ഇദ്ദേഹത്തിന്റെ വീട്ടിലും റെയ്ഡ്

0


കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിഐ.എസ്.എഫ്. അസിസ്റ്റന്റ് കമാൻഡന്റ് പൊലീസ് കസ്റ്റഡിയിൽ. ഹരിയാണ സ്വദേശി നവീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി നവീനെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.സിഐ.എസ്.എഫ്. ദക്ഷിണമേഖലാ ആസ്ഥാനത്തുനിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാവൂ. എന്നാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചതായി അറിയുന്നു.

കൊണ്ടോട്ടി ഡിവൈ.എസ്‌പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 11-ഓടെ നവീനിന്റെ കുളത്തൂർ തലേക്കരയിലുള്ള വാടകവീട്ടിൽ പരിശോധന നടത്തി. കള്ളക്കടത്തിൽ നവീനിനുള്ള പങ്കു വ്യക്തമായതിനെത്തുടർന്ന് കൂടുതൽ തെളിവു ശേഖരിക്കാനായിരുന്നു പരിശോധന. കള്ളക്കടത്ത് സംഘങ്ങളിൽനിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പൊലീസിനു കിട്ടിയതായി സൂചനയുണ്ട്. ചില ബാങ്ക് രേഖകൾ, മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. പരിശോധന വൈകീട്ട് മൂന്നു വരെനീണ്ടു.

കള്ളക്കടത്തിൽ ഉൾപ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പൊലീസ് ഇദ്ദേഹത്തിൽനിന്ന് തേടുന്നത്. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് കൊണ്ടോട്ടി സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷണപുരോഗതി വിലയിരുത്തി. സംഭവത്തിൽ കുടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.

Leave a Reply