ആലപ്പുഴ: നഗരത്തില്‍ എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. 8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മയക്കുമരുന്ന് വിറ്റതില്‍ നിന്നും ലഭിച്ച 3000 രൂപയും പിടിച്ചെടുത്തു.
ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജി ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ എച്ച്, അനിൽകുമാർ ടി, ഷഫീക്ക് കെ എസ്, പ്രദീഷ് പി നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എം വി, എക്സൈസ് ഡ്രൈവർ ഷാജു സി ജിഎന്നിവർ പങ്കെടുത്തു.
രണ്ട് ദിവസം മുമ്പ് കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. അതിമാരക മയക്കുമരുന്നായ 105 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റിലായി. കല്ലായി സ്വദേശി ഹുസ്നി മുബാറക് ആണ് എക്സൈസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണ് ഹുസ്നി മുബാറക്കെന്ന് എക്സൈസ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കല്ലായി സ്വദേശി പിടിയിലായത്.
ബെംഗളൂരുവില്‍നിന്ന് ബൈക്കിലെത്തിയ ഇയാളെ എക്സൈസ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വലിയ അളവില്‍ എം.ഡി.എം.എ ഇയാളില്‍നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള മയക്കുമരുന്ന് കടത്ത് അടുത്തകാലത്തായി വ്യാപകമാകുകയാണ്. പരിശോധനകള്‍ കര്‍ശനമാക്കിയശേഷവും പലദിവസങ്ങളിലായി അതിര്‍ത്തികളില്‍ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. വയനാട്, കണ്ണൂര്‍ അതിര്‍ത്തി വഴികളിലായി നേരത്തെയും മയക്കുമരുന്നുമായി നിരവധി പേര്‍ പിടിയിലായിട്ടുണ്ട്.