പൽവാൽ: ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത മകളെ മൂന്നു വർഷത്തോളം പീഡിപ്പിച്ച കേസിൽ പിതാവിനു സ്‌പെഷൽ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പിഴയായി 15,000 രൂപയും ഒടുക്കണം. അമ്മ മരിച്ച പെൺകുട്ടിയെ മൂന്നു വർഷം പിതാവ് പീഡിപ്പിച്ചെന്ന കേസിലാണ് വിധി.
നഷ്ടപരിഹാരമായി പെൺകുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി. സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജി പ്രശാന്ത് റാണയാണു ശിക്ഷ വിധിച്ചത്.
ഗർഭിണിയായതോടെ പെൺകുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. 2020 ഒക്ടോബറിൽ വനിതാ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പിതാവിനെതിരെ പരാതി നൽകി. 15 വയസ്സായിരുന്നു ആ സമയത്തു പെൺകുട്ടിയുടെ പ്രായം.
പിന്നീട് പതിനാറാം വയസ്സിൽ പെൺകുട്ടി കുഞ്ഞിനു ജന്മം നൽകി. പരിശോധനയിൽ കുഞ്ഞിന്റെ ഡിഎൻഎയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവിൽ ഒരു എൻജിഒ ദത്തെടുത്തിരിക്കുകയാണ്.