നിർണായക ടോസ് ഓസ്‌ട്രേലിയയ്ക്ക്; ആദ്യം ബാറ്റ് ചെയ്യും; കറക്കിവീഴ്‌ത്താൻ മൂന്ന് സ്പിന്നറുമായി ഇന്ത്യ; ഓപ്പണറായി ശുഭ്മാൻ ഗില്ലിന് പകരം ഇഷാൻ കിഷൻ; ലോകത്തോടെ ജയത്തോടെ തുടങ്ങാൻ രോഹിതും സംഘവും

0


ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ നിർണായക ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെങ്കിപ്പനി ബാധിച്ച ഓപ്പണർ ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി കളിക്കുന്നില്ല. ഓപ്പണിങ്ങിൽ രോഹിത് ശർമയ്‌ക്കൊപ്പം ഇഷാൻ കിഷൻ ഇറങ്ങും. ഓസീസ് ടീമിൽ ട്രാവിസ് ഹെഡ്, സീൻ ആബട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരും പുറത്തിരിക്കും.

മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ് എന്നിവർ കളിക്കും. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും പേസ് ആക്രമണത്തെ നയിക്കും. വിരാട് കോലി മൂന്നാം നമ്പറിൽ കളിക്കുമ്പോൾ നാലാം നമ്പറിൽ ശ്രേയസ് അയ്യരും അഞ്ചാം നമ്പറിൽ കെ എൽ രാഹുലും ആറാം നമ്പറിൽ ഹാർദ്ദിക് പാണ്ഡ്യയുമാണുള്ളത്.

ഓസ്‌ട്രേലിയൻ നിരയിൽ സ്പിന്നറായി ആദം സാംപ മാത്രമാണ് പ്ലേയിങ് ഇലവനിലുള്ളത്. മാർനസ് ലാബുഷെയ്‌നും ഗ്ലെൻ മാക്‌സ്വെല്ലുമായിരിക്കും ഓസീസിന്റെ മറ്റ് സ്പിൻ സാധ്യതകൾ. പേസർമാരായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ക്യാപ്റ്റൻ പാറ്റ് കമിൻസും കളിക്കുമ്പോൾ പരിക്കേറ്റ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയ്‌നിസ് പ്ലേയിങ് ഇലവനിലില്ല.കാമറൂൺ ഗ്രീനാണ് സ്റ്റോയ്‌നിസിന് പകരം ഓസീസിന്റെ പ്ലേയിങ് ഇലവനിലെത്തിയത്.

പരമ്പരാഗതമായി സ്പിന്നർമാർക്കൊപ്പമാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച്. പുല്ല് മുഴുവൻ വടിച്ചു മാറ്റി റോൾ ചെയ്‌തൊരുക്കിയ പിച്ചിന് കളി പുരോഗമിക്കും തോറും വേഗം കുറയും. രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടും. അതുകൊണ്ട് തന്നെ ടോസ് നേടുന്നവർ ബാറ്റിങ് തിരഞ്ഞെടുക്കുന്നതാണ് പതിവ്. 230 റൺസാണ് ഇവിടെ നടന്ന ഏകദിന മത്സരങ്ങളുടെ ശരാശരി സ്‌കോർ. ആദ്യം ബാറ്റ് ചെയ്യുന്നവർ 270 280 റൺസ് നേടിയാൽ പ്രതിരോധിക്കാവുന്ന സ്‌കോറാണിവിടെ.

ഇന്ത്യ പ്ലേയിങ് ഇലവൻ രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്‌സൽവുഡ്, ആദം സാംപ.

Leave a Reply