സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ല; കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി തന്നെയെന്ന് കെ ബി ഗണേശ് കുമാർ ഹൈക്കോടതിയിൽ

0


കൊച്ചി: സോളാർ പീഡന കേസിൽ പരാതിക്കാരി തന്നെയാണ് കത്ത് എഴുതിയതെന്ന് കെ ബി ഗണേശ് കുമാർ. കത്ത് എഴുതിയതും, ഒപ്പിട്ടതും, കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണ്. ആ കത്ത് വ്യാജമല്ലെന്നും ഗണേശ് കുമാർ ഹൈക്കോടതിയിൽ പറഞ്ഞു. സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേശ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊട്ടാരക്കര കോടതിയിൽ ഗണേശിനെതിരായ ഹർജിയിൽ നടപടി തുടരാമെന്നു ഹൈക്കോടതി ഉത്തരവിട്ടു. 10 ദിവസത്തേക്കു ഗണേശ് ഹാജരാകേണ്ടതില്ല. കേസ് റദ്ദാക്കണമെന്ന ഗണേശിന്റെ ഹർജി വിധി പറയാൻ മാറ്റി. സോളാർ പീഡന കേസിലെ ഗൂഢാലോചനയിൽ ഗണേശ് നേരിട്ട് ഹാജരാകണമെന്നു കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിലായിരുന്നു നിർദ്ദേശം.

ഒക്ടോബർ 18ന് ഗണേശ് ഹാജരാകണമെന്നാണു കോടതി നിർദ്ദേശിച്ചത്. സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും കാണിച്ചാണു സുധീർ ജേക്കബ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ പ്രാഥമികവാദം കേട്ട കോടതി പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

ഗണേശിനൊപ്പം പരാതിക്കാരിക്കും കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. കെ.ബി.ഗണേശ് കുമാർ എം എൽ എ യ്ക്കും പരാതിക്കാരിക്കും എതിരെയാണ് സോളാർ പീഡന ഗൂഢാലോചനക്കേസ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കെ.ബി. ഗണേശ് കുമാർ എം എൽ എ. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. സോളാർ ഗൂഢാലോചനക്കേസ് നിയമപരമായി നേരിടുമെന്ന് യുഡിഎഫും കോൺഗ്രസും പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതാക്കളാരും കേസിൽ കക്ഷി ചേർന്നിട്ടില്ല

Leave a Reply