സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റിക്കോർഡ് മഴയാണുണ്ടായതെന്നാണ് വിലയിരുത്തൽ. ഇതു തുടരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെ വന്നാൽ പ്രതിസന്ധി തുടരും.

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 1.9 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. കടലേറ്റത്തിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കാൻ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട് അടുത്ത 48 മണിക്കൂറിൽ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും.

മഴക്കെടുതിയിലാണ് തലസ്ഥാനം, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. നഗത്തിലെ കോസ്‌മോ ആശുപത്രിയും ഹോസ്റ്റലും ടെക്‌നോപാർക്കുമടക്കം അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. ഗൃഹോപകരണങ്ങളും വാഹനങ്ങളും വെള്ളത്തിൽ കുതിർന്ന് വൻ നാശനഷ്ടം. കഴക്കൂട്ടത്ത് വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ ടെക്‌നോപാർക്ക് ജീവനക്കാരടക്കം ഒട്ടേറെപ്പേരെ രക്ഷിച്ചു. കണ്ണമ്മൂലയിൽ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് ഒഴുകിയതോടെ വെള്ളക്കെട്ട് വ്യാപകമായി.

തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് സമീപകാലത്തെ റെക്കോഡ് മഴയാണ്. വിതുരയിൽ വാമനപുരം നദിയിൽ പെന്നാം ചുണ്ട് പാലവും സൂര്യകാന്തി പാലവും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാമനപുരം നദിയിൽ നീരൊഴുക്ക് കൂടിയതോടൊപ്പം നദിയോട് ചേർന്നചില ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി. ടെക്നോ പാർക്കിന്റെ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ഫയർ ഫോഴ്സെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അഞ്ചുതെങ്ങിൽ വീടുകളിൽ വെള്ളം കയറി. നെയ്യാറ്റിൻകര മരുത്തൂരിൽ ഹൈവേയുടെ കുറുകെ മരണം വീണു. മംഗലപുരം കഠിനംകുളം അണ്ടൂർക്കോണം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി, ഇതുവരെ പഞ്ചായത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വെങ്ങാനൂരിൽ പാടശേഖരങ്ങളിൽ വെള്ളം കയറി. വെഞ്ഞാറമൂട് പുല്ലമ്പാറയിൽ മഴക്കെടുതിയിൽ ഒരു വീട് പൂർണമായും തകർന്നു. വീട്ടിലുള്ളവർ ബന്ധു വീട്ടിലേക്ക് മാറിയിരുന്നതിനാൽ അപകടത്തിൽ ആളപായമില്ല. വെള്ളായണിയിൽ കാക്കാമൂല ബണ്ട് റോഡ് വെള്ളത്തിൽ മുങ്ങി. പേയാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി.

ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ച പെരുമഴ നേരം പുലർന്നിട്ടും തുടർന്നു. 2018 പ്രളയ കാലത്ത് പോലും തലസ്ഥാന നഗരം കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിലെ ഏറ്റവും വികസിത നഗരം എന്ന് കരുതുന്ന കഴക്കൂട്ടം ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. കഴക്കൂട്ടം നഗരത്തിനും ടെക്‌നോപാർക്കിനും ഇടയിലുള്ള ജനവാസ മേഖല വെള്ളത്തിൽ മുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here