പുളിക്കൽ: പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തു. പുളിക്കൽ പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് സി. സുഭാഷ് കുമാറാണ് 5000 രൂപ കൈക്കൂലിപ്പണവുമായി മലപ്പുറം വിജിലൻസ് വിഭാഗത്തിന്റെ പിടിയിലായത്. 2024 ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് സുഭാഷ് വിജിലൻസ് പിടിയിലാകുന്നത്.
കാലിക്കറ്റ് വിമാനത്താവളത്തിനുസമീപം കണ്ണംപള്ളി വീട്ടിൽ കെ. മുഫീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് വിജിലൻസ് സംഘം കൈക്കൂലി പണവുമായി സുഭാഷിനെ പിടികൂടിയത്. വിജിലൻസ് സംഘം മുഫീദിന്റെ പക്കൽ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ നൽകി പുറത്തു കാത്തുനിന്നു. മുഫീദിൽനിന്ന് സുഭാഷ് കുമാർ പണംവാങ്ങിയ ഉടനെ പിടികൂടി. മുഫീദിന്റെ മാതാവിന്റെ പേരിൽ പുളിക്കൽപഞ്ചായത്തിലെ എട്ടാം വാർഡിലെ മലാട്ടിക്കലിൽ നിർമ്മിക്കുന്ന വീട് ക്രമവത്കരിക്കുന്നതിനായി ഒരു മാസം മുമ്പ് ഓൺലൈനായി അപേക്ഷിച്ചിരുന്നു. ഫയൽ നീക്കം വേഗത്തിലാക്കാമെന്നു പറഞ്ഞാണ് ഹെഡ് ക്ലാർക്ക് പണം ആവശ്യപ്പെട്ടതെന്ന് മുഫീദ് പറഞ്ഞു. ക്രമവത്കരിച്ചു നൽകുന്നതിനുള്ള ഫീസ് പഞ്ചായത്തിൽ അടച്ചിരുന്നു.
ഡിവൈ.എസ്‌പി. ഫിറോസ് ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗസറ്റഡ് ഉദ്യോഗസ്ഥരായ ജലസേചനവകുപ്പ് അസി. എൻജിനീയർ പി.വി. അയ്യൂബിന്റെയും മലപ്പുറം മണ്ണു പരിശോധന കേന്ദ്രത്തിലെ കൃഷി ഓഫീസർ സി. നിമിഷയുടെയും സാന്നിധ്യത്തിൽ പരിശോധനയ്ക്കു വിധേയനാക്കി. സർക്കിൾ ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം സുഭാഷ് കുമാറിന്റെ വള്ളിക്കുന്നിലെ വീട്ടിലും പരിശോധന നടത്തി.
സുഭാഷ് കുമാർ പുളിക്കൽ പഞ്ചായത്തിൽ ജോലിക്കെത്തിയിട്ട് ഒരു വർഷമാകുന്നേയുള്ളൂ. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. സിഐമാരായ സ്റ്റപ്‌റ്റോ ജോൺ, മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്ഐ. സലീം, വിജയകുമാർ, രാജീവ്, ഷിഹാബ്, സുബിൻ, സന്തോഷ്, രത്‌നകുമാരി, ശ്യാമ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.