കുഞ്ഞുകാര്യങ്ങൾക്ക് വലിയ കേസ്: പൊലീസിന് സാമാന്യബോധം വേണമെന്ന് ഹൈക്കോടതി

0

കൊച്ചി : ചെറിയ കാര്യങ്ങൾക്ക് വലിയ കേസ് എടുക്കണമോ എന്ന കാര്യത്തിൽ സാമാന്യബോധം പ്രയോഗിക്കണമെന്ന് പൊലീസിനോട് കേരള ഹൈക്കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വൈദ്യുതത്തൂണിൽ ബിജെപിയുടെ പോസ്റ്റർ പതിച്ച യുവാവിന്റെ പേരിൽ വിവിധ വകുപ്പുകൾപ്രകാരം പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥന് സാമാന്യബോധം വേണം. ഇത്തരത്തിൽ കേസെടുക്കുന്ന പൊലീസ് ഓഫീസർമാർക്ക് റിഫ്രെഷ്‌മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

കുന്നംകുളം പൊലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്ണ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഉത്തരവ്. പൊതുമുതൽ നശിപ്പിച്ചതിനുപുറമേ വൈദ്യുതിനിയമത്തിലെ വകുപ്പും ചുമത്തിയതോടെ വിചാരണ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതിലേക്ക്‌ മാറ്റിയിരുന്നു. ശാസനയിൽ തീർക്കാവുന്ന പ്രശ്നമാണ് സെഷൻസ് കോടതിയിലേക്ക്‌ എത്തിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

Leave a Reply