മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ടു ഡോക്ടര്‍മാരും ഒരു സ്റ്റാഫ് നഴ്സും അടക്കം മൂന്നുപേര്‍ക്കെതിരെയാണ് നടപടി. രണ്ടു താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കുകയും ഒരു സ്റ്റാഫ് നഴ്‌സിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടി. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇവരെന്ന് ഡിഎംഒ ഡോ. ആര്‍ രേണുക പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് രക്തക്കുറവുമൂലം ആശുപത്രിയില്‍ അഡ്മിറ്റായ എട്ടുമാസം ഗര്‍ഭിണിയായ പൊന്നാനി സ്വദേശി റുക്‌സാനയ്ക്ക് രക്തം മാറി നൽകിയത്.