26 ആഴ്ച പിന്നിട് ഗർഭം അലസിപ്പിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിന്റെ ലംഘനം; വിവാഹിതയുടെ ഗർഭഛിദ്രാനുമതി തള്ളി സുപ്രീംകോടതി

0

ന്യൂഡൽഹി: 26 ആഴ്ച പിന്നിട്ട വിവാഹിതയായ യുവതിയുടെ ഗർഭം അലസിപ്പിക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി. 26 ആഴ്ചയും അഞ്ചു ദിവസവും പിന്നിട്ടശേഷം ഗർഭച്ഛിദ്രം അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അമ്മയും ഗർഭസ്ഥശിശുവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന എയിംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

രണ്ടാമത്തെ പ്രസവശേഷം വിഷാദത്തിന് (പോസ്റ്റ്പാർട്ടം സൈക്കോസിസ്) ചികിത്സയിലായതിനാൽ മൂന്നാമത്തെ ഗർഭം അലസിപ്പിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ യുവതിയുടെ ഹർജി സുപ്രീംകോടതി തള്ളി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഭീഷണിയില്ല. ഗർഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സംസ്ഥാനസർക്കാർ വഹിക്കും. പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കണോ ദത്ത് നൽകണമോ എന്ന് അമ്മയ്ക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

വിവാഹിതയായ രണ്ട് കുട്ടികളുള്ള തനിക്ക് പ്രസവാനന്തര വിഷാദം ഉണ്ടെന്നും വൈകാരികമായും സാമ്പത്തികമായും ശാരീരികമായും മൂന്നാമത്തെ കുഞ്ഞിനെ വളർത്താൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുപത്തിയേഴുകാരി ഗർഭച്ഛിദ്രം ആവശ്യപ്പെട്ടത്.

പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ചോദ്യചെയ്യുകയല്ല ഹർജിയെന്ന് കേന്ദ്രത്തിനായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. 20-24 വരെ ആഴ്ചപ്രായമുള്ള ഗർഭസ്ഥശിശുവിനെ ഗർച്ഛിദ്രം ചെയ്യുമ്പോൾപ്പോലും ഭ്രൂണത്തിൽനിന്ന് നിലവിളികൾ കേൾക്കാമെന്ന ഡോക്ടർമാരുടെ കുറിപ്പും അവർ ഹാജരാക്കി. ഗർഭസ്ഥശിശുവിനെക്കാൾ അവകാശം അമ്മയ്ക്കാണെന്ന് അന്താരാഷ്ട്ര നിയമങ്ങൾ നിരത്തി ഹർജിക്കാരിക്കായി അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു.

എയിംസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ജസ്റ്റിസുമാരായ ഹിമ കോലിയും ബി.വി. നാഗരത്‌നയുമടങ്ങിയ ബെഞ്ച് ഒക്ടോബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, കുഞ്ഞ് ജീവിച്ചിരിക്കാനുള്ള ശക്തമായ സാധ്യത ചൂണ്ടിക്കാട്ടി മെഡിക്കൽബോർഡിലെ ഒരംഗം ഒക്ടോബർ പത്തിന് ഇ-മെയിൽ അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ ഗർഭച്ഛിദ്രത്തിന് നൽകിയ അനുമതി പിൻവലിക്കാനാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply