റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

0

ആലപ്പുഴ: മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം സ്ഥിരമായി ലഹരിമരുന്ന് കടത്തിയിരുന്ന ആലിശേരി ചിറയിൽ വീട്ടിൽ സക്കീർ ഹുസൈനാണ്(26) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി പത്തരയോടെ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.

ഒഡീഷയിലെ സാമ്പൽപൂർ എന്ന സ്ഥലത്തു നിന്നാണ് കഞ്ചാവും മറ്റും വാങ്ങി ധൻബാദ് എക്സ്‌പ്രസിൽ ആലപ്പുഴയിൽ എത്തിച്ച് കച്ചവടം ചെയ്യുന്നതാണ് പ്രതിയുടെ രീതി. ഇയാളുടെ പക്കൽ നിന്നും പിടികൂടിയ കഞ്ചാവിനു വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണു കണക്കാക്കുന്നത്. കഞ്ചാവ് വാങ്ങാൻ ഒരു മാസത്തിൽ തന്നെ പലതവണ ഇയാൾ ഒഡീഷയിൽ പോയി വരുന്നുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സക്കീർ.

ധൻബാദ് എക്സ്‌പ്രസിൽ സ്ഥിരമായി ലഹരിമരുന്ന് കടത്ത് നടക്കുന്നതിനാൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകാറുണ്ട്. ഇതിനാൽ സക്കീർ ഹുസൈൻ സ്ഥിരമായി തുറവൂർ , മാരാരിക്കുളം തുടങ്ങിയ തിരക്കു കുറഞ്ഞ സ്റ്റേഷനുകളിലാണ് ഇറങ്ങാറുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നട്തതിയ തിരച്ചിലിലാണ് നാർകോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ എം മഹേഷും സംഘവും ചേർന്നു മാരാരക്കുളത്തു നിന്നു പിടികൂടിയത്.

പ്രിവന്റീവ് ഓഫിസർ ഗോപകുമാർ, പ്രിവന്റീവ് ഓഫിസർ സജിമോൻ,സിവിൽ എക്‌സൈസ് ഓഫിസർമാരായ റഹീം, ദിലീഷ്, റെനി , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സൗമില മോൾ , ഡ്രൈവർ പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫിസിൽ ഇയാൾക്കെതിരെ ലഹരിമരുന്ന് കടത്ത് കേസും നിലവിലുണ്ട്.

രഹസ്യ വിവരങ്ങൾ എക്‌സൈസിന് കൈമാറാം
ജില്ലയിലെ മദ്യം, ലഹരിമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ സർക്കിൾ ഇൻസ്‌പെക്ടറുടെ 94000 69494 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ പേരുവിവരം രഹസ്യമായിരിക്കും.

Leave a Reply