കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ നിർത്തിയിട്ട ജീപ്പിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. ജീപ്പിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല. ഇന്നു പുലർച്ചെ 2.30ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് വിവരം.
ഇന്നലെ പൂവാട്ടുപറമ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ മൂന്ന് പേരെ ഈ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ജീപ്പിനുനേരെ ആക്രമണമുണ്ടായത്. ജീപ്പിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ടാക്സി-ആംബുലൻസ് ഡ്രൈവർമാർ ചേർന്ന് തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്താനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും