ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ; ഡ്രൈവറേയും ബസുടമയേയും പോലീസ് അറസ്റ്റ് ചെയ്തു

0


കോഴിക്കോട്: ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡ്രൈവറേയും ബസുടമയേയും അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എന്‍. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരുടെ മരണത്തില്‍ ഇരുവര്‍ക്കുമെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മലാപ്പറമ്പ് ബൈപ്പാസില്‍ വേങ്ങേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കക്കോടി സ്വദേശി ഷൈജുവും ഭാര്യ ജീമയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റിരുന്നു.

രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരനായ ഷൈജുവിന്റെ ചികിത്സയ്ക്കായി പോകുമ്പോഴായിരുന്നു അപകടം. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് ദൃശ്യങ്ങള്‍ പരിശോധന നടത്തിയാണ് കേസെടുത്തത്. അഖിലിന്റെ ലൈസന്‍സും താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബസുകളുടെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നും അപകടത്തില്‍ ബ്രേക്കിടാന്‍ പോലും ഡ്രൈവര്‍ അഖില്‍ ശ്രമിച്ചില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. ഇതോടെ മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എട്ടു സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തുകയാണ്.

Leave a Reply