27കാരിയുടെ ഗർഭച്ഛിദ്രം; ഭിന്ന വിധിയുമായി സുപ്രീംകോടതി

0


ന്യൂഡൽഹി: വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ 27-കാരിയുടെ 26 ആഴ്‌ച്ചയുള്ള ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. ഗർഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദനം നിർത്തിക്കണമെന്ന് ഏത് കോടതിക്ക് പറയാനാകുമെന്ന് ജസ്റ്റിസ് ഹിമ കോലി ചോദിച്ചപ്പോൾ, അമ്മയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അഭിപ്രായപ്പെട്ടത്. രണ്ടംഗബെഞ്ചിൽ ഭിന്നതയുണ്ടായതിനെ തുടർന്ന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്ന് ജഡ്ജിമാർ വ്യക്തമാക്കി.

യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതിനൽകി സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് ഒക്ടോബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. ഇത് പിൻവലിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ഭിന്നവിധിയുണ്ടായത്. തുടർന്ന് വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരിഗണനയ്ക്ക് വിട്ടു. രണ്ട് കുട്ടികളുള്ള യുവതി തനിക്ക് മൂന്നാമത് ഒരു കുട്ടിയെ പ്രസവിക്കാനും വളർത്താനും വൈകാരികമായും മാനസികമായും ശാരീരികമായും പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷാദ രോഗമടക്കം അലട്ടുന്നതിനിടയിലാണ് യുവതി വീണ്ടും ഗർഭിണിയായത്.

ഒക്ടോബർ ആറിന് എയിംസിന്റെ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയതെന്ന് ജസ്റ്റിസ് ഹിമ കോലി നിരീക്ഷിച്ചു. പിന്നീടാണ്, കുഞ്ഞ് ജീവിച്ചിരിക്കാനുള്ള ശക്തമായ സാധ്യത ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡിലെ ഒരംഗം ഒക്ടോബർ പത്തിന് ഇ-മെയിൽ അയച്ചത്. എന്നാൽ അതിന് മുൻപുള്ള റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ബോർഡ് അംഗങ്ങൾക്ക് വ്യക്തതയില്ലാതിരുന്നതെന്നും കോടതി ചോദിച്ചു. ഇ-മെയിലിൽ പറയുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗർഭച്ഛിദ്രം സംബന്ധിച്ച നിലപാടറിയിക്കാൻ പരാതിക്കാരിയായ അമ്മയോട് ആവശ്യപ്പെട്ടപ്പോഴും അവർ പഴയനിലപാടിൽ ഉറച്ചുനിന്നു.

അതേസമയം, അമ്മയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്ന നിലപാടാണ് ജസ്റ്റിസ് നാഗരത്ന സ്വീകരിച്ചത്. അമ്മയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും അവരുടെ മനോനിലയും പരിഗണിക്കണം. മാനസികപ്രശ്‌നങ്ങൾക്ക് മരുന്നുകഴിക്കുന്ന അവർക്ക് ഗർഭവുമായി മുന്നോട്ടുപോകാനാവില്ലെന്ന തീരുമാനത്തെ ബഹുമാനിക്കണമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതിനാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്ന ഒക്ടോബർ ഒമ്പതിലെ ഉത്തരവ് പിൻവലിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here