മാനസിക ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് ശിക്ഷ നൽകുമെന്ന് സൗദി

0

വൈശാഖ് നെടുമല

റിയാദ്: രാജ്യത്ത് മാനസിക ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം വിവരങ്ങൾ നിയമപരമായ ആവശ്യങ്ങൾ, മറ്റു അവശ്യ അവസരങ്ങൾ എന്നിവ അടിസ്ഥാനമാക്കി പുറത്ത് വിടുന്നതിന് അതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അധികൃതർക്ക് മാത്രമാണ് അനുവാദമുള്ളത്.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്. ഇതിന് പുറമെ ഇത്തരക്കാർക്ക് പരമാവധി അമ്പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. മാനസിക ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യത, അന്തസ്സ്‌ എന്നിവ കാത്ത് സൂക്ഷിക്കുന്നതിനുള്ള സൗദി നിയമങ്ങൾ അനുസരിച്ചാണ് ഈ ശിക്ഷാ നടപടികൾ. ഇത്തരം രോഗികളുടെ രോഗവിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ പുറത്ത് വിടുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മെന്റൽ ഹെൽത്ത് കൗൺസിൽ, നീതിന്യായക്കോടതികള്‍, കുറ്റാന്വേഷണ വിഭാഗം തുടങ്ങിയ സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന രേഖാമൂലമുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് സൗദി അറേബ്യയിൽ ഇത്തരം വിവരങ്ങൾ ലഭ്യമാക്കുന്നത്.

Leave a Reply