‘മൊഹബത്തിനെക്കുറിച്ച് നിങ്ങൾ പഠിപ്പിക്കരുത്’: കേന്ദ്രമന്ത്രിയുടെ ഹേറ്റ് മാൾ പരാമർശത്തിൽ കോൺഗ്രസ്

0

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ‘ഹേറ്റ് മാൾ’ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്. മൊഹബത്തിന്റെ അർത്ഥം ബിജെപിക്ക് മനസിലാകില്ലെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. ദേശീയതയെക്കുറിച്ചോ സ്നേഹത്തെക്കുറിച്ചോ താക്കൂർ ഇന്ത്യ സഖ്യത്തെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന്റെ കടയ്ക്ക് പകരം വെറുപ്പിന്റെ മാളാണ് കോൺഗ്രസ് പണിയുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിൽ എത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുടെ പ്രശ്നമാണിത്, അവർക്ക് മൊഹബത്തിന്റെ അർത്ഥം മനസ്സിലാകുന്നില്ല. മൊഹബത്ത് എന്നാൽ ബഹുമാനവും സ്നേഹവും എന്നാണ് അർത്ഥമാക്കുന്നത്. കോൺഗ്രസ്-ഇന്ത്യ സഖ്യം എല്ലാ മതങ്ങളെയും എല്ലാ ജാതികളെയും എല്ലാ സമുദായങ്ങളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നു. അനുരാഗ് താക്കൂർ ദേശീയതയെക്കുറിച്ചോ സ്നേഹത്തെക്കുറിച്ചോ പ്രഭാഷണം നടത്താൻ നിൽക്കരുതെന്നും മാണിക്കം ടാഗോർ പറഞ്ഞു.

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായതിനുശേഷവും പുനഃസംഘടനയ്ക്കുശേഷമുള്ള ആദ്യ പ്രവർത്തക സമിതി യോഗമാണിത്. ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി തന്ത്രങ്ങളും അനുബന്ധ വിഷയങ്ങളുമാണ് യോഗത്തിൽ ചർച്ച ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here