വോട്ട് കൂടുമോ കുറയുമോ; പുതുപ്പള്ളിയില്‍ ബിജെപിക്ക് എന്താകും വിധി

0

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ്, എല്‍ഡിഎഫ് നേര്‍ക്കുനേര്‍ മത്സരമാണ് എങ്കിലും വോട്ട് നില ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനെയും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസിനേയും നേരിടാന്‍ എന്‍ഡിഎ ജി ലിജിന്‍ ലാലിനേയാണ് മണ്ഡ‍ലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഇത്തവണ മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടുമെന്ന് ബിജെപി കരുതുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പതിനായിരത്തിലേറെ വോട്ടുകളാണ് ബിജെപിക്ക് പുതുപ്പള്ളിയില്‍ കിട്ടിയത്.

പുതുപ്പള്ളിയില്‍ ഇത്തവണ 1,28,624 വോട്ടുകളാണ് പോള്‍ ചെയ്‌തത്. യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും തമ്മിലാണ് പ്രധാന മത്സരം എന്ന് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ പ്രകടം. എന്‍ഡിഎയ്‌ക്ക് പുതുപ്പള്ളിയില്‍ ജയപ്രതീക്ഷ വേണ്ടെന്ന് പകല്‍പോലെ വ്യക്തം. അതിനാല്‍തന്നെ ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കൂട്ടാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പതിനായിരത്തോളം ഉറച്ച വോട്ടുകള്‍ ബിജെപിക്ക് മണ്ഡലത്തിലുണ്ട്. 2016ല്‍ ജോര്‍ജ് കുര്യന്‍ 15,993 ഉം 2021ല്‍ എന്‍ ഹരി 11,694 വോട്ടുമാണ് പുതുപ്പള്ളിയില്‍ നേടിയത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും 70 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് പുതുപ്പള്ളിയിലെ പോളിംഗ്. ഇതാരെ തുണയ്‌ക്കും എന്ന് സെപ്റ്റംബര്‍ എട്ടാം തിയതി അറിയാം. മൂന്ന് പ്രധാന മുന്നണികള്‍ക്കും പുറമെ എഎപിക്കും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here