നിയമനതട്ടിപ്പ് ആരോപണത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പരാതിക്കാരനായ ഹരിദാസനും ബാസിത്തും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ ആരും തന്നെ ഇരുവരുടെയും അടുത്തേക്ക് വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സെക്രട്ടറിയേറ്റ് അനക്‌സ് 2വിലെ സിസിടിവിയിലാണ് രണ്ട് പേരുടെയും ദൃശ്യങ്ങള്‍ ലഭിച്ചത്. ഏപ്രില്‍ 10ലെ സിസിടിവി റെക്കോര്‍ഡിലാണ് ഇരുവരും പതിഞ്ഞിരിക്കുന്നത്. പണം കൈമാറുമ്പോള്‍ തനിക്കൊപ്പം ബാസിത്ത് ഇല്ലായിരുന്നുവെന്ന് ഹരിദാസന്‍ പറഞ്ഞിരുന്നു. മറ്റ് സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. മൊഴിയെടുപ്പിൽ ഹരിദാസൻ തെളിവുകൾ കൈമാറിയെന്നും ഫോൺ രേഖകൾ കൈമാറിയെന്നും പോലീസ് അറിയിച്ചു. ഫോണിൽ അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചും പോലീസ് മൊഴി എടുത്തു. എട്ടേമുക്കാൽ മണിക്കൂർ നേരമാണ് പരാതികാരന്റെ മൊഴിയെടുപ്പ് നീണ്ടുനിന്നത്. മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട പരാതികാരൻ ഹരിദാസൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു.
അതേസമയം നേരത്തെ പേഴ്സണൽ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ആരോഗ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടു.