പുതിയ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഉപരാഷ്‌ട്രപതി

0

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ ഉപരാഷ്‌്രടപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്‌ദീപ്‌ ധന്‍ഖര്‍ ഇന്നലെ ദേശീയ പതാക ഉയര്‍ത്തി. അഞ്ച്‌ ദിവസത്തെ പാര്‍ലമെന്റ്‌ സമ്മേളനം ഇന്ന്‌ ആരംഭിക്കാനിരിക്കെയാണ്‌ തലേന്ന്‌ പതാക ഉയര്‍ത്തല്‍ ചടങ്ങ്‌ നടത്തിയത്‌.
ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരുന്നു മന്ദിരത്തിന്റെ “ഗജ ദ്വാര”ത്തിനു മുകളില്‍ പതാക ഉയര്‍ത്തിയത്‌. ഇന്ന്‌ നിലവിലെ പാര്‍ലമെന്റ്‌ മന്ദിരത്തിലാണ്‌ പ്രത്യേക പാര്‍ലമെന്റ്‌ സമ്മേളനം തുടങ്ങുന്നത്‌. ഗണേശ ചതുര്‍ഥി ദിനമായ നാളെ പുതിയ മന്ദിരത്തിലേക്കു മാറിയേക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങിനു മുമ്പ്‌ സി.ആര്‍.പി.എഫിന്റെ പാര്‍ലമെന്റ്‌ ഡ്യൂട്ടി ഗ്രൂപ്പ്‌ ഉപരാഷ്‌ട്രപതിക്കും സ്‌പീക്കര്‍ക്കും വെവ്വേറെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കിയിരുന്നു.
ഇതൊരു ചരിത്ര നിമിഷമാണ്‌, ഭാരതം യുഗമാറ്റത്തിന്‌ സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ ശക്‌തി, സംഭാവനകള്‍ എന്നിവയെ ലോകം മുഴുവന്‍ അംഗീകരിക്കുകയാണ്‌, ചടങ്ങിന്‌ ശേഷം ഉപരാഷ്‌ട്രപതി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ്‌ ഗോയല്‍, പ്രഹ്ലാദ്‌ ജോഷി, അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവരും മറ്റ്‌ രാഷ്‌്രടീയ പാര്‍ട്ടികളിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിനുശേഷം സി.ആര്‍.പി.എഫ്‌ ബാന്‍ഡിന്റെ പശ്‌ചാത്തലത്തില്‍ അതിഥികളുമായി സംവദിച്ചു. ക്ഷണം വളരെ വൈകി ലഭിച്ചതില്‍ നിരാശയുണ്ടെന്നും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശനിയാഴ്‌ച അറിയിച്ചിരുന്നു.
ഹൈദരാബാദില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം നടക്കുകയാണ്‌. സെപ്‌തംബര്‍ 15 ന്‌ വൈകിട്ടാണ്‌ തനിക്ക്‌ ക്ഷണം ലഭിച്ചതെന്നും ഖാര്‍ഗെ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിക്ക്‌ അയച്ച കത്തില്‍ കുറ്റപ്പെടുത്തി.

Leave a Reply