ഗൃഹപാഠം ചെയ്തില്ല, വിദ്യാർത്ഥിയെ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ

0

ഓരോ ബാല്യവും വാർത്തെടുക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം, മാനസികവും ബുദ്ധിപരവുമായ വളർച്ച, സാമൂഹികമായ ഇടപെടലുകളെ കുറിച്ചുള്ള അവബോധം തുടങ്ങി പുസ്തകത്താളുകൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾ അറിവുനേടുന്നത് ക്ലാസ് മുറികളിൽ നിന്നും വിദ്യാലയ പരിസരങ്ങളിൽ നിന്നുമാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്ക് വഹിക്കുന്നു. നല്ലതും ചീത്തയും ശരിയും തെറ്റും മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത് ഓരോ അധ്യാപകനുമാണ്. എന്നാൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്.

ഉത്തർപ്രദേശിൽ മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ ഹിന്ദു സഹപാഠികളോട് ആവശ്യപ്പെടുന്ന അധ്യാപികയുടെ വീഡിയോ പല ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. തീർന്നില്ല ക്ലാസിൽ ബഹളമുണ്ടാക്കിയതിന് മുസ്ലീം വിദ്യാർത്ഥികളോട് പാകിസ്താനിലേക്ക് പോകാൻ അധ്യാപിക ആവശ്യപ്പെട്ടതിന്റെ വാർത്ത കർണാടകയിൽ നിന്നാണ് പുറത്തുവന്നത്. ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് ഓരോ ദിവസവും പലയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് പുറത്തുവരുന്നു.

ഗൃഹപാഠം ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്.പതിമൂന്നുകാരനെ മേശപ്പുറത്ത് കിടത്തി, മറ്റ് വിദ്യാർത്ഥികളെ കൊണ്ട് കൈകൾ മുറുക്കെ പിടിപ്പിച്ച ശേഷമായിരുന്നു മർദ്ദനം. ഗ്വാളിയോറിലെ ‘പ്രൈം ക്ലാസ്സ്’ എന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനെതിരെ രക്ഷിതാക്കൾ പരാതി നൽകി. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 2 ന് നടന്ന സംഭവത്തിൽ അധ്യാപകൻ അഭിഷേക് കോച്ചിംഗ് ഡയറക്ടർ ചന്ദ്രകാന്ത് മിശ്ര, എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here