പൂട്ടിയിട്ട വീടിനുള്ളിൽ തമിഴ്‌നാട് സ്വദേശി മരിച്ച നിലയിൽ; മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം

0

അരിമ്പൂർ: എൻ.ഐ.ഡി. റോഡിൽ പൂട്ടിയിട്ട വാടകവീടിനുള്ളിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ട്. കടലൂർ ജില്ലയിലെ കാട്ടുമാനാർകൂടി ചന്ദനത്തോപ്പ് തെരുവിൽ അറുമുഖത്തിന്റെ മകൻ ആദിത്യ (41) നാണ് മരിച്ചത്. ആദിത്യൻ വാടകയ്‌ക്കെടുത്ത വീടാണിത്. വീട്ടിൽ നിന്നും ദുർഗന്ധം വന്നതോടെ പൊലീസിൽ അറിയിക്കുക ആയിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടിക്കിടന്നിരുന്നു. ദുർഗന്ധം പരന്നതോടെ എലി ചത്തതാണെന്നാണ് ആദ്യം പരിസരവാസികൾ വിചാരിച്ചത്. ഞായറാഴ്ചയും ദുർഗന്ധം രൂക്ഷമായതോടെ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തി വാതിൽ തുറന്നതോടെയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കട്ടിലിനടിയിൽ വെട്ടുകത്തിയും മദ്യക്കുപ്പിയും ഉണ്ടായിരുന്നു. പത്തുവർഷത്തിലേറെയായി ആദിത്യൻ അമ്മയുമൊത്ത് അരിമ്പൂരിലുണ്ട്. ഏതാനും വർഷം മുൻപ് അമ്മ രാജമല്ലി വാഹനമിടിച്ച് മരിച്ചു. ഭാര്യയും മൂന്ന് മക്കളുമുണ്ടെങ്കിലും ഇവരെക്കറിച്ച് കൂടുതലറിയില്ല. ഫോറൻസിക് വിഭാഗം പരിശോധന നടത്തി. അന്തിക്കാട് എസ്.എച്ച്.ഒ. യുടെ നേതൃത്വത്തിലുള്ള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here