കാനഡയില്‍ വിവാഹ ചടങ്ങിനിടെ വെടിവയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്

0

കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാർക്കിങ് ഗ്രൌണ്ടിലാണ് വെടിവയ്പുണ്ടായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. സൗത്ത് എൻഡ് കൺവെൻഷൻ ഹാളിന്റെ പാർക്കിങ് ഗ്രൌണ്ടില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞെട്ടിപ്പോയ ആളുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

ടൊറന്‍റോ സ്വദേശികളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ഒട്ടാവ പൊലീസ് പറഞ്ഞു. 26ഉം 29ഉം വയസ്സുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ആറ് പേരിൽ അമേരിക്കന്‍ പൌരന്മാരും ഉണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു.
ആരാണ് അക്രമിയെന്നോ എന്തിനാണ് ആക്രമണം നടത്തിയതെന്നോ വ്യക്തമായിട്ടില്ല. വംശീയതയുടെയോ മതത്തിന്‍റെയോ പേരിലുള്ള വിദ്വേഷക്കൊലയാണോ നടന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഇൻസ്പെക്ടർ മാർട്ടിൻ ഗ്രൗൾക്സ് പറഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here