സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനുശേഷം ‘പെൺ പ്രതിമ’യാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്. പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന നടൻ അലൻസിയറുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവച്ചത്. സംഭവം ട്രോളന്മാരും ആഘോഷമാക്കി. ഈ അവസരത്തിൽ ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേശ് പിഷാരടി നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയ്ക്ക് ലഭിച്ചത്. കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന സിനിമയിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
പുരസ്കാരം നേടിയതിന് പിന്നാലെ ടൊവിനോ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. “നമ്മുടെ ഏറ്റവും വലിയ മഹത്വം എന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും അവിടുന്ന് എഴുന്നേൽക്കുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ കേരളീയർ എന്താണെന്നാണ് പിന്നീട് ലോകം കണ്ടത്… എന്നെ മികച്ച ഏഷ്യൻ നടനായി തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും…”, എന്നായിരുന്നു പുരസ്കാരം കൈയിലേന്തിയുള്ള ചിത്രത്തിനൊപ്പം താരത്തിന്റെ കുറിപ്പ്.