ഐഎസ്‌ തൃശൂർ മൊഡ്യൂൾ നേതാവ്‌ നബീൽ അറസ്റ്റിലായത് ചെന്നൈയിലെ ഒളിത്താവളത്തിൽനിന്ന്; എൻഐഎ കുടുക്കിയത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

0

ചെന്നൈ: ഐഎസ്‌ തൃശൂർ മൊഡ്യൂൾ നേതാവ്‌ നബീൽ അറസ്റ്റിലായത് ചെന്നൈയിലെ ഒളിത്താവളത്തിൽനിന്ന്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എൻഐഎ പിടികൂടിയത്. ഐഎസിന്‍റെ കേരള, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത് നബീലാണെന്നാണ് എൻഐഎ ആരോപിക്കുന്നത്. ഇയാൾ കഴിഞ്ഞ കുറേക്കാലമായി തമിഴ്നാട്ടിലും കർണാടകത്തിലുമായി ഒളിവിൽ കഴിയുകയായിരുന്നു. അതിനിടെ നേപ്പാളിലെത്തി വ്യാജരേഖകൾ ചമച്ച് വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഒളിത്താവളത്തിൽനിന്ന് നബീൽ അഹമ്മദിനെ എൻഐഎയുടെ പ്രത്യേക സംഘമാണു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഏറെക്കാലം കോയമ്പത്തൂർ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. കൊച്ചി എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ നബീലിന്‍റെ പക്കൽനിന്ന് വ്യാജ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂൾ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്ക്ക‌ു വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവർ നീക്കം നടത്തി. ഇന്ത്യയിൽ പലയിടത്തും ആളുകളെ ചേർക്കുന്നതിന് ഐഎസ്ഐസ് നീക്കം നടത്തുന്നുണ്ട്. നിരവധി ഐഎസ് പ്രവർത്തകരെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും എൻഐഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here