കൊച്ചി: സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി അന്തരിച്ച സംവിധായകൻ കെ ജി ജോർജിന്റെ ഭാര്യ സൽമ ജോർജ്. അവസാനകാലത്ത് കെ ജി ജോർജിനെ കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിലാക്കിയെന്നുമുള്ള പ്രചാരണങ്ങൾക്കാണ് സൽമ മറുപടി നൽകിയത്. ഡോക്ടർ അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ജോര്‍ജിനെ സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും സൽമ പ്രതികരിച്ചു. പലരും പലരീതിയിൽ യൂട്യൂബ് ചാനലുകളിലടക്കം പ്രചരിപ്പിക്കുന്നുവെന്നും അതൊക്കെ തെറ്റാണെന്നും ഗായിക കൂടിയായിരുന്ന സൽമ പറയുന്നു.
സൽമയുടെ വാക്കുകൾ ഇങ്ങനെ- ”സുഖവാസത്തിനല്ല ഞാൻ ഗോവയിലേക്ക് പോയത്. മകൻ അവിടെയാണ് താമസിക്കുന്നത്. മകൾ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാൻ സാധിക്കാത്തതുകൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയത്. ഞാനും മക്കളും എന്റെ ഭർത്താവിനെ നന്നായിട്ട് തന്നെയാണ് നോക്കിയത്. സിഗ്നേച്ചർ എന്ന ഇടത്ത് ആക്കിയത്, അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പി അടക്കമുള്ള സൗകര്യവുമുള്ളതുകൊണ്ടാണ്.