കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി

0


തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് മുഖ്യ പ്രതിയായ കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി കുന്നുകുഴി ബാർട്ടൺഹിൽ കോളനി സ്വദേശി അനിക്കുട്ടൻ എന്ന അനിൽകുമാറിനെ ജീവപര്യന്തം കഠിന തടവിനും ആറു ലക്ഷം രൂപ പിഴയൊടുക്കാനും തലസ്ഥാന വിചാരണ കോടതി ശിക്ഷിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ഒന്നാം പ്രതിയെ ശിക്ഷിച്ചത്. അതേ സമയം മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു. രാജേഷിനെതിരെ നേരിട്ടുള്ള വായ് മൊഴിയിലോ, രേഖാമൂലമായോ ഉള്ള തെളിവുകളോ സാഹചര്യത്തെളിവുകളോ പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് ജഡ്ജി പ്രസുൻ മോഹൻ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

വഞ്ചിയൂർ വില്ലേജിൽ കുന്നുകുഴി ബാർട്ടൺഹിൽ കോളനി സ്വദേശികളായ അനിക്കുട്ടൻ എന്ന അനിൽകുമാർ (കൃത്യസമയം 20 വയസ്) , കുട്ടൻ എന്ന ബിനു (19) ( വിചാരണക്കിടെ മരണപ്പെട്ടു ), കണ്ണമ്മൂല സ്വദേശി രാജേഷ് (21) , കുന്നുകുഴി സ്വദേശി ദിലീപ് (19) ( വിചാരണക്കിടെ ഒളിവിൽ പോയതിനാൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിടികൂടുന്ന മുറക്ക് പ്രത്യേകം വിചാരണ ചെയ്യും) എന്നിവരാണ് ഫ്രാൻസിസ് കൊലക്കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ. അനിക്കുട്ടനും പുത്തൻപാലം രാജേഷും മാത്രമാണ് വിചാരണ നേരിട്ടത്.

1998 ഓഗസ്റ്റ് 2 ന് വൈകി 7 നാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഫ്രാൻസിസും രണ്ടാം പ്രതിയുമായി കുന്നുകുഴി ജംഗ്ഷന് സമീപം വെച്ച് 5.45 ന് വാക്കുതർക്കമുണ്ടായതിൽ വച്ചുള്ള വിരോധത്താൽ പ്രതികൾ ഗൂഢാലോചന നടത്തി രാത്രി 7.05 മണിക്ക് കുന്നുകുഴി കലാവിഹാർ ലെയിനിൽ വെട്ടുകത്തികളും കമ്പികളുമായി എത്തി , കുന്നുകുഴിയിലേക്ക് കൂട്ടുകാരനൊപ്പം നടന്നു പോകുകയായിരുന്ന ഫ്രാൻസിസിനെ വെട്ടുകത്തി കൊണ്ട് വെട്ടാനോടിച്ച് പിന്തുടർന്ന് മൂന്നും നാലും സാക്ഷികൾ താമസിക്കുന്ന വീട്ടിൽ ഫ്രാൻസിസ് കയറിയ സമയം ഹാൾ മുറിക്കുള്ളിലിട്ട് തലയിൽ രണ്ടു വെട്ടിയും വെട്ടു കൊണ്ട് സെറ്റിയിൽ വീണ സമയം ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകയും ഫ്രാൻസിസ് തടയുകയും ഫ്രാൻസിസ് അവിടെ നിന്നും ഓടി രക്ഷപ്പെടാതിരിക്കുന്നതിനായി വീണ്ടും വെട്ടി മരണം ഉറപ്പാക്കി പ്രതികൾ പരസ്പരം ഉത്സാഹികളായും സഹായികളുമായി നിന്ന് പ്രവർത്തിച്ച് കൊലപാതകം , ഗൂഢാലോചന , കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്. 2004 ലാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here